
പട്ടാമ്പി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംഘടിപ്പിച്ച അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംസ്ഥാനതല മത്സരം പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശ്രദ്ധേയമായി നടന്നു. സ്‌കൂള്‍, സബ് ജില്ല, റവന്യൂ ജില്ല എന്നീ ഘട്ടങ്ങളിലെ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികളുടെ ആവേശകരമായ പങ്കാളിത്തം മത്സരത്തിന് മാറ്റുകൂട്ടി. അറബി ഭാഷയിലെ വായന, എഴുത്ത്, ഭാഷാപരിജ്ഞാനം, സര്‍ഗാത്മക ചിന്ത എന്നിവ വിലയിരുത്തുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പട്ടാമ്പി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി പി ഷാജി ഉദ്ഘാടനം ചെയ്തു.
അറബിഭാഷയോടുള്ള കുട്ടികളുടെ അഭിരുചിയും ഭാഷാപാടവവും വളര്‍ത്തിയെടുക്കുന്നതിനും മത്സരങ്ങളിലൂടെ അവരുടെ ആത്മവിശ്വാസവും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനുമാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തക പഠനത്തിനപ്പുറം ഭാഷയെ സ്‌നേഹിക്കാനും പ്രായോഗികമായി ഉപയോഗിക്കാനുമുള്ള പ്രചോദനമാണ് ഈ മത്സരം നല്‍കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ അറബിഭാഷാ പഠനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ അലിഫ് ടാലന്റ് ടെസ്റ്റ് നിര്‍ണായക പങ്കുവഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യ പ്രഭാഷണം നടത്തി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി രാമദാസ് മുഖ്യാതിഥിയായി.
അലിഫ് സംസ്ഥാന കണ്‍വീനര്‍ എം ടി അബ്ദുല്‍ റഷീദ് ഫലപ്രഖ്യാപനം നടത്തി. പട്ടാമ്പി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അസ്‌ന സമ്മാനദാനം നിര്‍വഹിച്ചു.
കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, പ്രധാനധ്യാപിക ഗീത ടീച്ചര്‍, നൗഷാദ് കോപ്പിലാന്‍, വി കെ ഷറഫുദ്ദീന്‍, എം ടി എ നാസര്‍, അസനത്ത് എം, നൂറുല്‍ അമീന്‍ കെ, മുഹമ്മദലി മിഷ്‌കാത്തി, എം പി അബ്ദുസ്സലാം, കെ വി ജയ്‌സല്‍, ടി സൈതാലി, വി എ അബ്ദുല്‍ റസാഖ്, അബ്ദുല്‍ കരീം, അനസ്, ഇ ടി അബ്ദുസമദ്, കെ എസ് ശിഹാബ്, കെ എം അബ്ദുല്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.
അലിഫ് ടാലന്റ് ടെസ്റ്റ് എല്‍ പി വിഭാഗത്തില്‍ പാലക്കാട് ഒറ്റപ്പാലം പനമണ്ണ വെസ്റ്റ് എ എല്‍ പി സ്‌കൂളിലെ മുഹമ്മദ് ഇയാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വയനാട് അണ്ടൂര്‍ ജി എല്‍ പി എസ്സിലെ മുഹമ്മദ് തമീം കെ എച്ച് രണ്ടാം സ്ഥാനവും മലപ്പുറം ചോലയില്‍ മുക്ക് എ എം എല്‍ പി എസ്സിലെ ഹനാന്‍ മുഹമ്മദ് ഇ കെ മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗത്തില്‍ മലപ്പുറം ഒഴുകൂര്‍ ജി എം യു പി സ്‌കൂളിലെ ഫില്‍സ മെഹക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാസര്‍ഗോഡ് ചെമ്മനാട് ജമാഅത്ത് യു പി സ്‌കൂളിലെ റിഷ മഹ്ഫില്‍ രണ്ടാം സ്ഥാനവും കോഴിക്കോട് ജി എച്ച് എസ് എസ് മെഡിക്കല്‍ കോളേജ് കാമ്പസിലെ മുഹമ്മദ് റിഫാഉ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊല്ലം തഴവാ ജി എച്ച് എസ് എസ്സിലെ ഹാദിയ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം പൂക്കോട്ടൂര്‍ ജി എച്ച് എസ് എസ്സിലെ ആയിഷ ഫെബി എം രണ്ടാം സ്ഥാനവും തൃശൂര്‍ തൃത്തല്ലൂര്‍ കെ എന്‍ എം വി എച്ച് എസ്സിലെ ഫൈഹ ഫാത്തിമ പി എച്ച് മൂന്നാം സ്ഥാനവും നേടി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ എച്ച് എസ് എസ്സിലെ മജീദ് അഹമ്മദ് വി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറം താനൂര്‍ എച്ച് എസ് എം ഇ എം എം എച്ച് എസ് എസ്സിലെ അമീന്‍ മുഹമ്മദ് ടി പി രണ്ടാം സ്ഥാനവും പാലക്കാട് മണ്ണാര്‍ക്കാട് എം ഇ എസ് എച്ച് എസ് എസ്സിലെ ഷദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

