ദേശീയ വിദ്യാഭ്യാസ നിയമം പുന:പരിശോധിക്കണം: പാളയം ഇമാം

Web Desk
2 Min Read

തിരുവനന്തപുരം: വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിലവിലെ രീതിയില്‍ മാറ്റം വരുത്തി ദേശീയ വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കങ്ങള്‍ ആശങ്കാജനകമാണെന്നും ദേശീയ വിദ്യാഭ്യാസ നിയമം പുന:പരിശോധിക്കണമെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പ്രസ്താവിച്ചു. ദേശീയ വിദ്യാഭ്യാസനയം പുന:പരിശോധിക്കുക, സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ആശങ്കകള്‍ പരിഹരിക്കുക, അറബിക് ഭാഷാ പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക അടക്കമുള്ള 15 ഇന ആവശ്യങ്ങളെ മുന്‍ നിര്‍ത്തി കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ന്യൂനപക്ഷ സമൂഹങ്ങളുടെ സംസ്‌കാരം, ചരിത്രം, ഭാഷ എന്നിവയുടെ പഠനത്തിന് വേണ്ടത്ര പരിഗണന നയത്തില്‍ കാണുന്നില്ല. ഓരോ സംസ്ഥാനങ്ങളും തങ്ങളുടെ പ്രാദേശിക സാമൂഹിക വൈവിധ്യങ്ങള്‍ പരിഗണിച്ച് പിന്തുടര്‍ന്ന് വരുന്ന വിദ്യാഭ്യാസ രീതികളെ കേന്ദ്രീകൃത സ്വഭാവത്തില്‍ നിയന്ത്രിക്കുന്ന രീതി ഫെഡറലിസത്തിന് വിരുദ്ധമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ മാറ്റിമറിച്ച് ദേശീയതലത്തില്‍ കരിക്കുലവും പഠന നയങ്ങളും കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങള്‍ക്കും വിദ്യാഭ്യാസ രീതികള്‍ക്കും അനുസരിച്ച് തുടര്‍ പഠനം സാധ്യമാവുകയില്ല.

ത്രിഭാഷാ പദ്ധതിയിലെ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം എന്ന ഉപാധി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന അറബി ഭാഷാ പഠനത്തെയും പ്രതികൂലമായി ബാധിക്കും. നമ്മുടെ ബഹുസ്വരതക്കും ഫെഡറലിസത്തിനുമനുസൃതമായി ദേശീയ വിദ്യാഭ്യാസനയം ഭേദഗതി ചെയ്യുന്നതിനെ പറ്റി ഉത്തരവാദപ്പെട്ടവര്‍ ആലോചിക്കണമെന്നും സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഇമാം വ്യക്തമാക്കി.

- Advertisement -
Ad image

കെ എ എം എ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടവം ഖാലിദ്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ പി പി ഫിറോസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി, എസ് നിഹാസ് പാലോട്, അനസ് എം അഷ്‌റഫ്, സി എ സാബിറ, സംഗീത റോബര്‍ട്ട്, ഇ ഐ മുജീബ്, എസ് നിഹാസ്, ഹിഷാമുദ്ദീന്‍ പത്തനംതിട്ട, അബ്ദുല്‍ മജീദ്, കെ എസ് യാസിര്‍, സുമയ്യ തങ്ങള്‍, മുനീര്‍ കിളിമാനൂര്‍, അന്‍വര്‍ പള്ളിക്കല്‍, നജീബ് കല്ലമ്പലം എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!