
മാഡ്രിഡ്: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച അപൂര്‍വമായ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി. ചന്ദ്രന്‍ സൂര്യന് മുന്നിലൂടെ കടന്നുപോയതോടെ പകല്‍ വെളിച്ചത്തിന് സന്ധ്യയുടെ പ്രതീതിയുണ്ടാവുകയും ചില പ്രദേശങ്ങളില്‍ ഏതാനും സമയത്തേക്ക് പൂര്‍ണ ഇരുട്ട് അനുഭവപ്പെടുകയും ചെയ്തു.

വടക്കന്‍ സൈബീരിയയില്‍ ആരംഭിച്ച സമ്പൂര്‍ണ സൂര്യഗ്രഹണം ചന്ദ്രന്റെ പൂര്‍ണനിഴലിന്റെ പാതയിലൂടെ ഗ്രീന്‍ലാന്‍ഡിനും ഐസ്ലന്‍ഡിനും മുകളിലൂടെ നീങ്ങി രാത്രി 8.30ഓടെ സ്‌പെയിനിലെത്തി. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ തുറമുഖ നഗരമായ എ കൊറൂണയില്‍ ആയിരക്കണക്കിന് ആളുകളാണ് ഗ്രഹണം വീക്ഷിക്കാനെത്തിയത്. ചന്ദ്രന്‍ പതുക്കെ സൂര്യനെ മറച്ചതോടെ ഒരു മിനിറ്റും 18 സെക്കന്‍ഡും പകല്‍ രാത്രിക്ക് സമാനമായ ഇരുട്ടിലായി.


ഏകദേശം 300 കിലോമീറ്ററില്‍ താഴെ വീതിയുള്ള മേഖലയിലൂടെയാണ് സമ്പൂര്‍ണ ഗ്രഹണം ദൃശ്യമായത്. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനില്‍നിന്ന് തെക്കുകിഴക്കോട്ട് നീണ്ട ഈ മേഖല മയോര്‍ക്ക ഉള്‍പ്പെടെയുള്ള ബാലിയറിക് ദ്വീപുകള്‍ വരെ വ്യാപിച്ചു. പോര്‍ച്ചുഗലിന്റെ ഒരു ചെറിയ ഭാഗത്തും ചന്ദ്രന്റെ പൂര്‍ണനിഴല്‍ പതിച്ചു.
യൂറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. അലാസ്‌കയിലെ പസഫിക് തീരത്തിന് സമീപം ഗ്രീന്‍വിച്ച് സമയം 15.34-ഓടെയാണ് ഭാഗിക ഗ്രഹണം ആരംഭിച്ചത്. വടക്കേ അമേരിക്കയുടെയും പടിഞ്ഞാറന്‍ ആഫ്രിക്കയുടെയും ചില ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമായി.
സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും. ചന്ദ്രന്റെ പൂര്‍ണനിഴല്‍ പതിക്കുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണവും അതിന് ചുറ്റുമുള്ള അര്‍ധനിഴല്‍ മേഖലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് അനുഭവപ്പെടുന്നത്.
സമ്പൂര്‍ണ ഗ്രഹണസമയത്ത് ആകാശം ഏതാണ്ട് പൂര്‍ണമായും ഇരുണ്ടേക്കും. താപനില കുറയുകയും സൂര്യനെ ചന്ദ്രന്‍ താല്‍ക്കാലികമായി മറയ്ക്കുന്നതിനാല്‍ നക്ഷത്രങ്ങള്‍ പോലും ദൃശ്യമാകുകയും ചെയ്യും.
സ്‌പെയിനിലെ ദശലക്ഷക്കണക്കിന് താമസക്കാരും വിനോദസഞ്ചാരികളും സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ ദിവസം മുഴുവന്‍ കാത്തിരുന്നു. സ്‌പെയിനിന്റെ പ്രധാന ഭൂപ്രദേശത്ത് ഇതിന് മുമ്പ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത് 1905-ലാണ്.
ഗ്രഹണം ദൃശ്യമാകുന്ന മയോര്‍ക്ക ദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ വന്‍ ഒഴുക്കുണ്ടായതോടെ രാവിലെ തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തെ സോല്ലെര്‍ മേഖലയിലായിരുന്നു തിരക്ക് രൂക്ഷമായത്. സെറാ ഡി ട്രമുന്റാനയിലെ കാഴ്ചാ കേന്ദ്രങ്ങളിലെയും ഉള്‍ക്കടലുകളിലെയും പാര്‍ക്കിങ് സ്ഥലങ്ങള്‍ ഗ്രഹണം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ നിറഞ്ഞു. ചില റോഡുകളിലേക്കുള്ള പ്രവേശനവും അധികൃതര്‍ നിയന്ത്രിച്ചു.
സമ്പൂര്‍ണ ഗ്രഹണം ദൃശ്യമാകുന്ന പാതയിലെ നിരവധി ഹോട്ടലുകള്‍ മാസങ്ങള്‍ക്കുമുമ്പുതന്നെ ബുക്ക് ചെയ്തിരുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് തടസ്സമില്ലാത്ത കാഴ്ച ലഭിക്കുന്ന സ്വകാര്യ ബാല്‍ക്കണികളും മേല്‍ക്കൂര ടെറസുകളും നൂറുകണക്കിന് യൂറോയ്ക്കാണ് വാടകയ്ക്ക് നല്‍കിയിരുന്നത്.
സ്പാനിഷ് സര്‍ക്കാര്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 33,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയും സിവില്‍ ഗാര്‍ഡ് അംഗങ്ങളെയും വിന്യസിച്ചു. സര്‍ട്ടിഫൈഡ് ഗ്രഹണ കണ്ണടകളുടെ 20 ലക്ഷം ജോഡി സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിശ്ചയിച്ചിട്ടുള്ള കാഴ്ചാ കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും വനമേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും സന്ദര്‍ശകരോട് നിര്‍ദേശിച്ചു.
ജര്‍മനിയുടെ വടക്കന്‍ മേഖലയില്‍ വൈകുന്നേരം 7.11ഓടെയാണ് ഭാഗിക സൂര്യഗ്രഹണം ആരംഭിച്ചത്. ഏതാനും മിനിറ്റുകള്‍ക്കുശേഷം തെക്കന്‍ പ്രദേശങ്ങളിലും ഗ്രഹണം ദൃശ്യമായി.
പ്രദേശത്തിനനുസരിച്ച് രാത്രി 8.30നും 9നും ഇടയില്‍ സൂര്യാസ്തമയത്തോടെയാണ് ജര്‍മനിയില്‍ ഗ്രഹണം അവസാനിച്ചത്.
ബെര്‍ലിനില്‍ നൂറുകണക്കിന് ആളുകള്‍ പ്ലാനറ്റേറിയത്തിന് പുറത്ത് ഒത്തുകൂടി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് രംഗത്തിറങ്ങി. ‘അസാധാരണമായി വലിയൊരു ജനക്കൂട്ടമാണ്’ എത്തിയതെന്ന് പൊലീസ് വക്താവ് പറഞ്ഞു.
ഹാംബര്‍ഗ് പ്ലാനറ്റേറിയത്തിലും വലിയ ജനത്തിരക്കുണ്ടായി. സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ മരിയാന വാഗ്‌നര്‍ അന്നത്തെ സാഹചര്യം ”അസാധാരണമായ അവസ്ഥ” എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏതാനും സൂര്യഗ്രഹണങ്ങള്‍ക്ക് ഇത്രയധികം ജനശ്രദ്ധ ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറച്ചിരിക്കുമ്പോഴും നേരിട്ട് സൂര്യനെ നോക്കുന്നത് കണ്ണിന് സ്ഥിരമായ കേടുപാടുകള്‍ക്ക് കാരണമാകാമെന്നതിനാല്‍ സര്‍ട്ടിഫൈഡ് സംരക്ഷണ കണ്ണടകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗ്രഹണത്തിന് മുന്നോടിയായി പല രാജ്യങ്ങളിലും ഇത്തരം കണ്ണടകള്‍ വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വീടിനുള്ളില്‍ കഴിഞ്ഞിരുന്നവര്‍ക്കായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.
സൂര്യഗ്രഹണത്തിന് പിന്നാലെ മറ്റൊരു ആകാശവിസ്മയവും കാത്തിരിക്കുന്നു. ആഗസ്റ്റ് 12-13 രാത്രിയില്‍ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം അതിന്റെ പാരമ്യത്തിലെത്തും. മണിക്കൂറില്‍ നൂറോളം ഉല്‍ക്കകള്‍ വരെ ആകാശത്ത് കാണാനാകുമെന്നാണ് പ്രതീക്ഷ.
തുടര്‍ന്ന് ആഗസ്റ്റ് 28-ന് മധ്യ യൂറോപ്പില്‍ ചന്ദ്രഗ്രഹണവും ദൃശ്യമാകും. ഭൂമിയുടെ പൂര്‍ണനിഴലിലേക്ക് ചന്ദ്രന്‍ പ്രവേശിക്കുന്ന സമയത്തായിരിക്കും ഈ ചന്ദ്രഗ്രഹണം.

