ഈജിപ്ത് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന് അന്താരാഷ്ട്ര അംഗീകാരം; ലെഖ്വിയ പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുത്തു

Web Desk
2 Min Read

ദോഹ: ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ പ്രൊട്ടക്ഷന്റെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനച്ചടങ്ങില്‍ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയുടെ പ്രതിനിധി സംഘം പങ്കെടുത്തു.

city exchange

ഐക്യരാഷ്ട്രസഭയുടെ മാനവികകാര്യ ഏകോപന ഓഫിസിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അഡൈ്വസറി ഗ്രൂപ്പ് ആണ് ഈജിപ്ത് സംഘത്തിന് ‘മീഡിയം’ വിഭാഗത്തില്‍ അന്താരാഷ്ട്ര അംഗീകാരം നല്‍കിയത്.

ലെഖ്വിയ അസിസ്റ്റന്റ് കമാന്‍ഡര്‍ ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സപ്ലൈ സ്റ്റാഫ് ബ്രിഗേഡിയര്‍ മുബാറക് ഷെരീദ അല്‍ കഅബി പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.

തിരച്ചില്‍- രക്ഷാപ്രവര്‍ത്തന മേഖലയില്‍ ഖത്തറും ഈജിപ്തും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ നേട്ടമാണ് ഈ അംഗീകാരമെന്ന് അധികൃതര്‍ വ്യക്തമാക്കി. അംഗീകൃത അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈജിപ്ത് സംഘത്തിന് പരിശീലനവും യോഗ്യതാ വികസനവും നല്‍കുന്നതില്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് നിര്‍ണായക പങ്കുവഹിച്ചു.

- Advertisement -
Ad image

ഇതോടെ മറ്റൊരു അറബ് രാജ്യത്തെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന് അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനായി പരിശീലനവും യോഗ്യതാ വികസനവും നല്‍കുന്ന ആദ്യ അറബ് അന്താരാഷ്ട്ര സംഘമായി ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് മാറി.

ചടങ്ങില്‍ ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ പ്രൊട്ടക്ഷന്‍ വിഭാഗം അസിസ്റ്റന്റ് മന്ത്രി മേജര്‍ ജനറല്‍ അമര്‍ മുസ്തഫ എല്‍-ബൈലി ഉള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് ലെഖ്വിയ അസിസ്റ്റന്റ് കമാന്‍ഡര്‍ ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സപ്ലൈ സ്റ്റാഫ് ബ്രിഗേഡിയര്‍ മുബാറക് ഷെരീദ അല്‍ കഅബി, ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിലെ സിവില്‍ പ്രൊട്ടക്ഷന്‍ വിഭാഗം അസിസ്റ്റന്റ് മന്ത്രി മേജര്‍ ജനറല്‍ അമര്‍ മുസ്തഫ എല്‍-ബൈലിയുമായി കൂടിക്കാഴ്ച നടത്തി.

സുരക്ഷാ പരിശീലനം, തിരച്ചില്‍- രക്ഷാപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ഇരുവരും അവലോകനം ചെയ്തു. സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

അന്താരാഷ്ട്ര അംഗീകാരമുള്ള മെന്റര്‍ എന്ന നിലയില്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് ഈജിപ്ത് സംഘത്തിന് പരിശീലനവും യോഗ്യതാ വികസനവും നല്‍കി അന്താരാഷ്ട്ര അംഗീകാരം നേടാന്‍ സഹായിച്ചതില്‍ മേജര്‍ ജനറല്‍ അമര്‍ മുസ്തഫ എല്‍-ബൈലി അഭിനന്ദനം അറിയിച്ചു.

സംയുക്ത അറബ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!