മൂന്നരപ്പതിറ്റാണ്ട് ഖത്തര്‍ പ്രവാസത്തിന് വിരാമമിട്ട് പ്രദീപ് മേനോന്‍ നാട്ടിലേക്ക് മടങ്ങുന്നു

Web Desk
2 Min Read

ദോഹ: മുപ്പത്തിയഞ്ച് വര്‍ഷത്തെ ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റേയും വിവിധ സംഘടനകളുടേയും ഭാരവാഹിയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് മേനോന്‍ നാട്ടിലേക്ക് മടങ്ങുന്നു. തന്റെ മടക്കയാത്രയെ കുറിച്ച് ഫേസ്ബുക്കില്‍ മനോഹരമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

city exchange

മുപ്പത്തിയഞ്ച് വര്‍ഷത്തെ തന്റെ പ്രവാസവും 26 വര്‍ഷത്തെ ഭാര്യ രതിയുടെ പ്രവാസവും രണ്ടാഴ്ചയ്ക്കപ്പുറം അവസാനിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

1992 ഏപ്രില്‍ 12ന് വിഷുത്തലേന്ന് റമദാന്‍ രാവിലാണ് പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയോണ്‍ നിലാവില്‍ വിമാനമിറങ്ങിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഓര്‍മ്മകളില്‍ ആയിരമായിരം മനുഷ്യരും അവരുമായുള്ള സൗഹൃദങ്ങളും നല്ലതും കെട്ടതുമായ ഒരുപാട് അനുഭവങ്ങളും അടയാളപ്പെടുത്തലുകളുമായി ജീവിത സ്വഭാവികത എന്ന നിലയില്‍ കണ്ടാണ് മടക്കമെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന്റെ 14 ജില്ലകളില്‍ നിന്നുള്ള കൂട്ടുകാര്‍, കുടുംബങ്ങള്‍, ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍, ഖത്തര്‍ സ്വദേശികള്‍, ഇറാന്‍, ഫലസ്തീന്‍, സുഡാന്‍, യമന്‍, ഈജിപ്റ്റ്, പാക്കിസ്ഥാന്‍, ബാംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്ട്രേലിയ, യു എസ്, യൂറോപ്പ് തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നുള്ള സൗഹൃദങ്ങളുടെയും പരിചിതരുടെയും വലിയ സമ്പാദ്യവുമായാണ് മടങ്ങുന്നതെന്നും അദ്ദേഹം കുറിപ്പില്‍ വിശദീകരിക്കുന്നു.

- Advertisement -
Ad image

ഏറെക്കാലം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചതിനാല്‍ നിരവധി രാഷ്ട്രത്തലവന്മാരെയും അന്താരാഷ്ട്ര പ്രസക്തരെയും ഡസന്‍ കണക്കിന് രാഷ്ട്രങ്ങളുടെ നായകരെയും അടുത്തുകാണാന്‍ അവസരം ലഭിച്ച കാര്യവും അദ്ദേഹം എടുത്തുപറയുന്നു. ഡോ. മന്‍ മോഹന്‍ സിംഗ്, നരേന്ദ്രമോഡി എന്നീ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍, ഖത്തര്‍ പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, മുന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങിയവരെ നിരവധി തവണ കാണാനും റിപ്പോര്‍ട്ട് ചെയ്യാനുമായ കാര്യവും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ഏഷ്യന്‍ ഗെയിംസ് മുതല്‍ അറബ് ലീഗും ഫിഫ അണ്ടര്‍ 19ഉം വേള്‍ഡ് ബീച്ച് ഫുഡ്ബാളും വേള്‍ഡ് ഹാന്‍ഡ് ബാളും ഏഷ്യന്‍ ക്രിക്കറ്റും ഫിഫയും ഉള്‍പ്പടെ, 2006 -21 കാലയളവില്‍ ഖത്തര്‍ അതിഥേയത്വം വഹിച്ച നൂറുകണക്കിന് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ കവര്‍ ചെയ്യാനും ഒരു ഡസനിലേറെ അന്താരാഷ്ട്ര അക്രഡിറ്റേഷനുകള്‍ എടുക്കാനും ദോഹയാണ് തനിക്ക് അവസരം നല്‍കിയതെന്നും പ്രദീപ് മേനോന്‍ പറഞ്ഞു.

തന്റെ വ്യക്തിപരമായ പ്രതിസന്ധികള്‍ മറികടക്കാന്‍ താങ്ങും തണലും തുണയുമായ ഖത്തറിനേയും നാടിന്റെ മനുഷ്യത്വപൂര്‍ണമായ സമീപനത്തേയും എടുത്തുകാട്ടി നന്ദി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടരുന്നത്.

ഫ്രണ്ട്സ് ഓഫ് തൃശൂര്‍, ചെസ്, ഇന്ത്യന്‍ മീഡിയ ഫോറം, ട്രെന്‍ഡ്‌സ് തുടങ്ങിയ കൂട്ടായ്മകളിലൂടെ സാമൂഹ്യ- സാംസ്‌ക്കാരിക- മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കാനും അതുവഴി നൂറുകണക്കിന് സൗഹൃദങ്ങള്‍ നേടിയതും ഊര്‍ജ്ജമാണെന്നും 10 വര്‍ഷങ്ങളില്‍ നടത്തിയ ഇന്റ്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ പെയിന്റിംഗ് കോംപിറ്റീഷനുകള്‍, ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലുകള്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് 4-5 വര്‍ഷങ്ങളില്‍ അരങ്ങേരിയ ട്രെന്‍ഡ്‌സ് ഖത്തര്‍ മ്യൂസിക്ക് ഷോകള്‍ തുടങ്ങിയവ അഭിമാനമേകുന്നതാണെന്നും പ്രദീപ് മേനോന്‍ ഓര്‍ക്കുന്നു.

നാട്ടില്‍ തങ്ങളുടെ തിരിച്ചുവരവും കാത്ത് അമ്മയുണ്ടെന്നും പുഞ്ചക്കും പുഴക്കും പൂനിലാകുരുന്നിനും കൂട്ടായിരിക്കണമെന്നും തന്റെ നാട്ടിലെ ‘ആറാട്ടുപുഴ പൂരം’ കൂടണമെന്നും നാട്ടില്‍ വരുന്നവര്‍ വീട്ടില്‍ വന്ന് ചായ കുടിച്ച് ഒരിത്തിരി വര്‍ത്താനവും പറയണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!