

ദുബൈ: ദോഹ ബാങ്ക് സി ഇ ഒ ഡോ. ആര്‍ സീതാരാമന്‍ സ്ഥാനം രാജിവെച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാളോളം കാലമായി ദോഹ ബാങ്ക് സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍ സീതാരാമന്‍ ബാങ്കിന്റെ വളര്‍ച്ചയില്‍ മികച്ച സംഭാവനകളാണ് നല്കിയത്. ബാങ്ക് ഓഹരി ഫയലിംഗിലാണ് സി ഇ ഒയുടെ രാജിക്കാര്യത്തെ കുറിച്ച് പറയുന്നത്.

2007 സെപ്തംബര്‍ മുതല്‍ ദോഹ ബാങ്കിന്റെ സി ഇ ഒ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം 2002ലാണ് ഡപ്യൂട്ടി സി ഇ ഒ ആയി ദോഹ ബാങ്കില്‍ ചേര്‍ന്നത്. ഖത്തറിലെ അഞ്ചാമത്തെ വലിയ ബാങ്കാണ് ദോഹ ബാങ്ക്. ഡോ. ആര്‍ സീതാരാമന്റെ രാജിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരിക്കെയാണ് ഡോ. ആര്‍ സീതാരാമന്‍ ദോഹ ബാങ്കിലെത്തിയത്.
ഖത്തറില്‍ 2.2 ബില്യന്‍ ഡോളര്‍ വിപണി മൂലധനമുള്ള ഏറ്റവും വലിയ വായ്പാ ദാതാക്കളിലൊന്നാണ് ദോഹ ബാങ്ക്. രാജ്യത്തെ ബെഞ്ച് മാര്‍ക്ക് സൂചിക മുന്നേറുമ്പോള്‍ ബാങ്കിന്റെ ഓഹരികള്‍ 0.9 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ സെഷനില്‍ 2.66 റിയാലായിരുന്ന ഓഹരികള്‍ 2.64 റിയാലായി കുറഞ്ഞു.
2015ല്‍ ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് അറബ് ലോകത്തെ 2015ലെ ഏറ്റവും മികച്ച ഇന്ത്യന്‍ നേതാക്കളില്‍ ആറാം റാങ്കാണ് ഡോ. രാഘവന്‍ സീതാരാമന് നല്കിയത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്വര്‍ണ മെഡലോടെ കൊമേഴ്‌സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ചാര്‍ട്ടേഡ് അക്കൗണ്ടന്റായാണ് ജീവിതം തുടങ്ങിയത്. ലോകത്തിലെ നിരവധി സര്‍വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി ഇന്ത്യക്കാരിലെ പ്രമുഖരെ ആദരിക്കാന്‍ നല്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
ഖത്തറിന് പുറമേ യു എ ഇ, ഇന്ത്യ, സിംഗപ്പൂര്‍, ചൈന എന്നീ രാജ്യങ്ങളില്‍ ദോഹ ബാങ്കിന്റെ ശാഖകള്‍ ആരംഭിക്കാന്‍ അദ്ദേഹമാണ് മുന്‍കൈ എടുത്തത്.

