
കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ജര്‍മ്മന്‍ ഭാഷാ പഠിതാക്കള്‍ക്കായി ഗോയ്‌ഥെ- സെന്റര്‍ തിരുവനന്തപുരം തങ്ങളുടെ പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി ടി അവന്യൂവിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ വന്‍ സ്വീകാര്യതയുള്ള ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ഇനി മുതല്‍ എളുപ്പത്തില്‍ എഴുതാം.

ന്യൂഡല്‍ഹിയിലെ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് മാക്‌സ് മുള്ളര്‍ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അലക്‌സാന്‍ഡ്ര മിറ്റ്‌ലര്‍ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനും തൊഴില്‍ അവസരങ്ങള്‍ക്കുമായി ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് പുതിയ സെന്റര്‍ ആരംഭിച്ചത്.
ജര്‍മ്മനിയിലെ ഔദ്യോഗിക സാംസ്‌കാരിക സ്ഥാപനമായ ഗോയ്‌ഥെ- ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഷാ പരീക്ഷകള്‍ക്ക് ആഗോളതലത്തില്‍ മികച്ച അംഗീകാരമാണുള്ളത്. യൂറോപ്യന്‍ കോമണ്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ഈ പരീക്ഷകള്‍ ജര്‍മ്മനിയിലേക്കുള്ള അക്കാദമിക്, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.
നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്ന് നിരവധി പേരാണ് ജര്‍മ്മന്‍ ഭാഷ പഠിക്കുന്നത്. മുന്‍പ് ഇത്തരം പരീക്ഷകള്‍ക്കായി ഇവര്‍ക്ക് ദൂരയാത്രകള്‍ ആവശ്യമായിരുന്നു. കോഴിക്കോട്ടെ പുതിയ കേന്ദ്രം നിലവില്‍ വന്നതോടെ പഠിതാക്കളുടെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരമാകുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ പ്രചാരണത്തിനും ഇന്‍ഡോ- ജര്‍മ്മന്‍ സാംസ്‌കാരിക വിനിമയത്തിനും ഗോയ്‌ഥെ- സെന്റര്‍ തിരുവനന്തപുരം മുന്‍പന്തിയിലുണ്ട്.
വടക്കന്‍ കേരളത്തില്‍ ജര്‍മ്മന്‍ ഭാഷയോടുള്ള താത്പര്യം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് ഡോ. അലക്‌സാന്‍ഡ്ര മിറ്റ്‌ലര്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരീക്ഷകള്‍ സ്വന്തം നാട്ടില്‍ തന്നെ എഴുതാനുള്ള സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേവലം പരീക്ഷാ കേന്ദ്രം എന്നതിലുപരി ഇന്തോ- ജര്‍മ്മന്‍ സാംസ്‌കാരിക സഹകരണത്തിന്റെ വലിയൊരു വേദിയായി കോഴിക്കോടിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോയ്‌ഥെ-സെന്റര്‍ കേരള ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. വരും നാളുകളില്‍ ജര്‍മ്മന്‍ ചലച്ചിത്ര മേളകള്‍, സംഗീത പരിപാടികള്‍, സാഹിത്യ സമ്മേളനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സര്‍വ്വകലാശാലകളുമായുള്ള സഹകരണ പദ്ധതികള്‍ എന്നിവ മലബാറിലെ സാംസ്‌കാരിക മേഖലയിലേക്ക് എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ടെ ആദ്യ ഗോയ്‌ഥെ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കും. തുടര്‍ന്നുള്ള മാസങ്ങളിലും കൃത്യമായി പരീക്ഷകള്‍ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോയ്‌ഥെ-സെന്റര്‍ കേരള ഡോ. സയ്യിദ് ഇബ്രാഹിമിനെ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ഗോയ്‌ഥെ എക്‌സാമിനേഷന്‍ സെന്റര്‍- കോഴിക്കോട് ടി ടി അവന്യൂ, ലുലു മാളിന് സമീപം ഗോവിന്ദപുരം, കോഴിക്കോട് എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

