അര്‍മേനിയയില്‍ നിന്ന് ഖത്തറിലേക്ക് ആദ്യ ചാര്‍ട്ടര്‍ വിനോദസഞ്ചാര വിമാനം

Web Desk
1 Min Read

ദോഹ: അര്‍മേനിയയിലെ യെരവാനില്‍ നിന്ന് ഖത്തറിലേക്കുള്ള ആദ്യ ചാര്‍ട്ടര്‍ വിനോദസഞ്ചാര വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുന്നതിനും പുതിയ വിനോദസഞ്ചാര വിപണികളെ ആകര്‍ഷിക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് ഇത് സുപ്രധാന നേട്ടമായി.

city exchange

ഫ്‌ളൈവണ്‍, റസ്റ്റാര്‍ ടൂര്‍ ഓപ്പറേറ്ററുമായി സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്. എയര്‍ബസ് എ320 വിമാനത്തില്‍ യെരവാനും ദോഹയും തമ്മില്‍ ആഴ്ചയില്‍ ഒരു സര്‍വീസാണ് നടത്തുക.

2027 മേയ് 15 വരെ തുടരുന്ന ചാര്‍ട്ടര്‍ സര്‍വീസ് കാലയളവില്‍ അര്‍മേനിയയില്‍ നിന്ന് ഏകദേശം 6,500 സന്ദര്‍ശകര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ.

അടുത്തിടെ മേഖലയിലുണ്ടായ പ്രവര്‍ത്തന തടസ്സങ്ങള്‍ക്ക് ശേഷം ഖത്തറിലെത്തുന്ന ആദ്യ വിനോദസഞ്ചാര ചാര്‍ട്ടര്‍ വിമാനമാണിത്. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതും ഖത്തറിനോടുള്ള യാത്രക്കാരുടെയും ടൂറിസം പങ്കാളികളുടെയും രാജ്യാന്തര വ്യോമയാന മേഖലയുടെയും ആത്മവിശ്വാസം വീണ്ടെടുത്തതും പുതിയ സര്‍വീസ് വ്യക്തമാക്കുന്നു.

- Advertisement -
Ad image

സുരക്ഷിതവും ആതിഥ്യമര്യാദയുള്ളതും ലോകോത്തര നിലവാരമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രമെന്ന ഖത്തറിന്റെ സ്ഥാനം ഈ സര്‍വീസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നു. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം തുടങ്ങിയ മേഖലകളിലെ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം രാജ്യാന്തര വിമാനക്കമ്പനികള്‍, ട്രാവല്‍ ട്രേഡ് മേഖലയിലെ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി പങ്കാളികള്‍ എന്നിവരുമായി ഖത്തര്‍ അടുത്ത സഹകരണം തുടരുകയാണ്.

രാജ്യാന്തര സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഖത്തര്‍ സജ്ജമാണെന്നും മേഖലയില്‍ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിനുള്ള ആകര്‍ഷണം തുടരുകയാണെന്നും പുതിയ സര്‍വീസ് വ്യക്തമാക്കുന്നു.

അര്‍മേനിയയും ഖത്തറും തമ്മിലുള്ള വിനോദസഞ്ചാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഭാവിയില്‍ കൂടുതല്‍ ചാര്‍ട്ടര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരം വിമാന സര്‍വീസുകള്‍ക്ക് സാധ്യത പരിശോധിക്കുന്നതിനും പുതിയ സര്‍വീസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Share This Article
Leave a Comment
error: Content is protected !!