
ദോഹ: ഞായറാഴ്ച പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്ന സാഹചര്യത്തില്‍, ഉയര്‍ന്നുവരുന്ന ചൂടില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.

പുതിയ അധ്യയന വര്‍ഷം ചൂടേറിയ കാലാവസ്ഥയിലാണ് ആരംഭിക്കുന്നതെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ എല്ലാവര്ക്കും പങ്കുണ്ടെന്നും മന്ത്രാലയം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

‘ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ സ്കൂളിലേക്ക് മടങ്ങുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും പങ്കുണ്ട്. ലളിതമായ മുന്‍കരുതലുകള്‍ക്ക് വലിയ മാറ്റം സൃഷ്ടിക്കാനാകും,’ മന്ത്രാലയം വ്യക്തമാക്കി.
കുട്ടികള്‍ ദിവസം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം കുടിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലങ്ങളില്‍ ദീര്‍ഘനേരം നില്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
സ്കൂള്‍ ബസ് കാത്തുനില്ക്കുമ്പോള് വിദ്യാര്‍ഥികള്‍:
നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലത്ത് നില്‍ക്കുന്നത് ഒഴിവാക്കുക.
തണലുള്ള സ്ഥലത്ത് കാത്തുനില്ക്കുക.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുക.
ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ച് സുരക്ഷിതവും ഉന്മേഷകരവുമായ അധ്യയന വര്‍ഷാരംഭം ഉറപ്പാക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ബോധവത്കരണ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ‘ചൂട് മങ്ങും… സുരക്ഷ നിലനില്ക്കും’ എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.

