

കോഴിക്കോട്: കേരള ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ അക്രഡിറ്റേഷനില്‍ സംസ്ഥാനത്ത് ഉയര്‍ന്ന പോയിന്റ് ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് കരസ്ഥമാക്കി. നാലില്‍ 3.39 ആണ് കോളജിന് ലഭിച്ച സ്‌കോര്‍. നിലവില്‍ സാക് അക്രഡിറ്റേഷന്‍ കിട്ടിയ കോളേജുകളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

നാഷനല്‍ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ മുന്‍ ഡയറക്ടര്‍ പ്രൊഫ. രംഗനാഥ് എച്ച് അന്ന ഗൗഡ ചെയര്‍മാനും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ.. പി കെ മൈക്കിള്‍ തരകന്‍, എസ് സി ഇ ആര്‍ ടി മുന്‍ ഡയരക്ടര്‍ പ്രൊഫ. എം എ.ഖാദര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

കോളേജിന്റ അക്കാദമിക അക്കാദമികേതര നിലവാരം, പഠനാന്തരീക്ഷം, ബോധന പ്രക്രിയകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണം, വിദ്യാര്‍ഥി ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് സംഘം വിലയിരുത്തിയത്. നവംബര്‍ 29, 30 തിയ്യതികളിലായിരുന്നു പിയര്‍ ടീം കോളേജ് സന്ദര്‍ശിച്ചത്.
കോളജിലെ വിവിധ പഠന വിഭാഗങ്ങളും സംഘം സന്ദര്‍ശിച്ചു. അത്യാധുനിക രീതിയില്‍ നിര്‍മിച്ച ഗ്രന്ഥാലയം, പെഡഗോഗിക് പാര്‍ക്, ഗേം ഹബ് എന്നിവയും സന്ദര്‍ശിച്ചിരുന്നു. മികച്ച ഭൗതിക സൗകര്യങ്ങളോടെയാണ് നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്.
1961ല്‍ സ്ഥാപിതമായ കോളേജില്‍ ബി എഡ്, എം എഡ് കോഴ്‌സുകള്‍ക്ക് പുറമേ പ്രീ പ്രൈമറി അധ്യാപനത്തിനുള്ള ഡിപ്ലോമ കോഴ്‌സും കോളേജില്‍ നടക്കുന്നുണ്ട്. 2011 മുതല്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ കാലികറ്റ് സര്‍വകലാശാല ഗവേഷണ കേന്ദ്രം കൂടിയായ കോളേജില്‍ നിന്നും നിലവില്‍ 20 പേര്‍ ഈ കോളേജിലൂടെ ഗവേഷണ ഡിഗ്രികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കോളേജിന് സമീപമുള്ള കരിങ്കല്ലായി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ദത്തെടുത്ത് അവിടത്തെ ഭൗതിക അക്കാദമിക സാഹചര്യങ്ങള്‍ മെച്ചെപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഫാറൂഖ് ട്രൈനിംഗ് കോളേജ് നടത്തി വരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ‘എഡ്യു സപ്പോര്‍ട്ട്’ എന്ന പദ്ധതിയും കോളേജ് നടത്തി വരുന്നു. സമീപ പ്രദേശങ്ങളിലുള്ളവരെ സഹായിക്കുന്നതിനായി ഹൃദയപൂര്‍വം, രോഗീപരിചരണത്തിന്നായി സ്റ്റുഡന്റ് പാലീ യേറ്റീവ് ഇന്നീഷ്യേറ്റീവ്, രക്തദാനത്തിനായി ഫ്രന്റ് ഇന്‍ നീഡ് പരിസ്ഥിതി സംരക്ഷണ ബോധം സൃഷ്ടിക്കുന്നതിനായി നാച്ചുറ എന്നീ ക്ലബ്ബുകളും പനോരമ എന്ന പേരില്‍ ഒരു ഫിലിം ക്ലബ്ബും കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പങ്കാളിത്ത പഠനം ഉറപ്പുവരുത്താനായി ഓണ്‍ലൈന്‍ കൊളാബറേറ്റീവ് ലേണിംഗ് പ്രോഗ്രാം, പൊതുജനങ്ങള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കാനായി ഡിജിറ്റല്‍ പബ്ലിക് ലേണിംഗ് പ്ലാറ്റ്‌ഫോം തുടങ്ങിയ പദ്ധതികള്‍ കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികളേയും കെ ടെറ്റ്, സെറ്റ്, നെറ്റ് തുടങ്ങിയ അഭിരുചി പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും തയ്യാറാക്കാനായി പി ടെപ് എന്ന പേരിലുള്ള പ്രത്യേക പ്രോഗ്രാം കോളേജിന്റെ സവിശേഷതയാണ്. കൂടാതെ വ്യക്തിത്വ വികസനം, ജീവിത നൈപുണികള്‍, ഐ സി ടി സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തി ഫിനിഷിംഗ് സ്‌കൂള്‍ എന്ന പേരില്‍ ഒരു അഡീഷനല്‍ കോഴ്‌സും വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നുണ്ട്.
ഗുരുവാണി എന്ന പേരില്‍ റേഡിയോ, ഗുരു ദര്‍ശന്‍ എന്ന പേരില്‍ യൂ ട്യൂബ് ചാനല്‍ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.
കോവിഡ്, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുന്നതിനായി എമര്‍ജന്‍സി മാനേജ്‌മെന്റ് സെല്‍ എന്ന പേരില്‍ പ്രത്യേക സന്നദ്ധ സേവന സംഘം കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയ സാഹചര്യത്തില്‍ ഈ സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
ഇപ്പോള്‍ സംസ്ഥാന ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ അക്രഡിറ്റേഷനാണ് ലഭിച്ചത്. എന്നാല്‍ ദേശീയ തലത്തില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന സ്ഥാപനമായ നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) അക്രഡിറ്റേഷനില്‍ നേരത്തേ എ ഗ്രേഡ് ലഭിച്ചിരുന്നു. നാക് ന്റെ മൂന്നാംഘട്ട അക്രഡിറ്റേഷനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നു. റൗദത്തുല്‍ ഉലൂം അസോസിയേഷന്റെ നേതൃത്വത്തില്‍ പി കെ അഹമ്മദ് ചെയര്‍മാനും മുഹമ്മദ് യൂനുസ് സെക്രട്ടറിയും പ്രൊഫസര്‍ ഇമ്പിച്ചിക്കോയ മാനേജറുമായി പ്രവര്‍ത്തിക്കുന്ന സമിതിയാണ് കോളേജ് മാനേജ് ചെയ്യുന്നതെന്നും കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സലീം ടി, ഐ ക്യു എ സി കോഡിനേറ്റര്‍ ഡോ. മനോജ് പ്രവീണ്‍ ജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. മാനേജ്‌മെന്റിന്റെ മികച്ച പിന്തുണയുടേയും അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ കഠിനശ്രമത്തിന്റേയും ഫലമാണ് ഈ ഗ്രേഡ് എന്നും കോളേജിന്റെ പ്രഖ്യാപിത ലക്ഷ്യമായ ‘എന്റര്‍ ടു ലേണ്‍ എക്‌സിറ്റ് ടു സെര്‍വ്’ എന്ന സന്ദേശം കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമം തുടരുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് സലീം ട, ഐ ക്യു എ സി കോ ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് പ്രവീണ്‍ ജി, സെക്രട്ടറി മുഹമ്മദ് യൂനുസ്, ജോയിന്റ് സെക്രട്ടറി എം അയ്യൂബ്, മാനേജര്‍ പ്രൊഫ. ഇമ്പിച്ചിക്കോയ, സ്റ്റാഫ് സെക്രട്ടറി റിഷാദ് കോലോത്തുംതൊടി എന്നിവര്‍ പങ്കെടുത്തു.

