അന്തര്‍ സംസ്ഥാന മോഷണ കേസുകളിലെ പ്രതി പിടിയില്‍

Web Desk
2 Min Read

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷ്ടിച്ച മോട്ടോര്‍ സൈക്കിളില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ഫറോക്ക് മണ്ണാര്‍പാടം കക്കാട് പറമ്പ് പുറ്റേക്കാട് സലാം (42)നെ കോഴിക്കോട് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും (കാവല്‍) ഫറോക്ക് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

city exchange

ഈയടുത്ത ദിവസങ്ങളിലായി ജില്ലയിലെ നടക്കാവ്, ഫറോക്ക്, ചേവായൂര്‍, മലപ്പുറം ജില്ലയിലെ തേഞ്ഞിപാലം, പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയിലും വെച്ച് വാഹനമോഷണം നടത്തുകയും മാല പൊട്ടിക്കുകയും ചെയ്തിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാന സംഭവ ഉണ്ടായതോടെ സമീപ പ്രദേശങ്ങളിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പ്രതി സലാം ആണെന്ന് തിരിച്ചറിയുകയും ചെയ്തു. മോഷണം നടത്തി അന്യ ജില്ലകളിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ വാടകക്ക് ഒളിവില്‍ കഴിഞ്ഞ ബുദ്ധിമാനായ കള്ളന് പിന്നാലെ പൊലീസും നൂറ്റി അമ്പതിലധികം ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പിന്നാലെ ഉണ്ടായിരുന്നു.

- Advertisement -
Ad image

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, ഫറോക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ ഷുഹൈബ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി പി ഷൈജു, പി സജുകുമാര്‍ എന്നിവരായിരുന്നു.

കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നും പാഷന്‍ പ്ലസ് ബൈക്ക് മോഷ്ടിച്ച് മലാപറമ്പ് ബൈപ്പാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കും മോഷണം നടത്തിയ ശേഷം മറ്റൊരു ദിവസം രാമനാട്ടുകര ബൈപ്പാസില്‍ നിന്നും മൂന്നു പവനുള്ള മാലയാണ് പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞത്. പിന്നീട് കോയമ്പത്തൂരിലേക്ക് കടന്ന സലാം തിരിച്ചു വന്ന് തേഞ്ഞിപാലത്ത് നിന്ന് നാലര പവന്‍ സ്വര്‍ണ്ണമാലയും കവര്‍ന്നു.

വളാഞ്ചേരിയില്‍ നിന്നും ബോലേറോ, വെസ്റ്റ്ഹില്‍ നിന്നും പിക്കപ്പ് ലോറി, തൃത്താലയില്‍ നിന്നും ദോസ്ത് ലോറിയും മോഷണം നടത്തിയത് സലാം ആണെന്ന് ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിനോട് സമ്മതിച്ചു. എട്ടോളം വാറണ്ടും ഇയാള്‍ക്കുണ്ട്.

കവര്‍ച്ച ചെയ്ത സ്വര്‍ണ്ണമാലകള്‍ പ്രതി കമ്മത്ത് ലൈനിലുള്ള ആഭരണ നിര്‍മ്മാണ ശാലയിലാണ് വില്‍പ്പന നടത്തിയതെന്നും കവര്‍ച്ചക്കിടെ പൊട്ടിയ മാല സ്വര്‍ണപ്പണിക്കാരന്റെ കയ്യില്‍ ഭാര്യയുടെ ആഭരണം എന്ന് പറഞ്ഞു വിളക്കിയ ശേഷമാണ് കടയില്‍ വില്‍പ്പന നടത്തിയതെന്നും ഇതിനു മുമ്പ് മോഷണ കവര്‍ച്ച കേസുകളില്‍ പിടിയിലായ പ്രതി രണ്ട് മാസം മുമ്പാണ് ജയില്‍ മോചിതനായതെന്നും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷന്‍ എം എം സിദ്ധിഖ് പറഞ്ഞു.

പിന്തുടര്‍ന്നു വരുന്ന പൊലീസില്‍ നിന്നും രക്ഷപ്പെടാനും പിടിക്കപ്പെടാതിരിക്കാനും സലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയും പരമാവധി ക്യാമറകളെ ഒഴിവാക്കുകയുമായിരുന്നു. ജില്ലയില്‍ നിന്നും കാണാതായിട്ടുള്ള മറ്റു വാഹനങ്ങളെ കുറിച്ചും അന്വേഷണം നടത്തിവരുന്നുണ്ട്. മോഷ്ടിച്ച വാഹനങ്ങളുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങുകയാണ് ഇയാളുടെ രീതി. തമിഴ്‌നാട്ടില്‍ വില്പന നടത്തിയിരുന്ന ആളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!