

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്തുകള്‍ തിരിച്ച് പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്തിയതില്‍, പല പ്രവര്‍ത്തികളും സമയബന്ധിതമായി തീര്‍ക്കുവാനുള്ള നടപടികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ പരാതി ഉന്നയിച്ചു. ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി നേടിയെടുക്കുന്നതിനുള്ള കാലതാമസം വരുത്തുന്നതിനാല്‍ അത്യാവശ്യമായ പ്രവര്‍ത്തികള്‍ പോലും ഏറ്റെടുത്തു നടത്തുന്നില്ല എന്ന പൊതു വികാരമാണ് യോഗത്തില്‍ ഉണ്ടായത്.

മൈനര്‍ ഇറിഗേഷന്‍ കനാലുകളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കുന്നതായി ജനപ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അടിയന്തിരമായി നോട്ടീസുകൊടുക്കുവാനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാനും യോഗം മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വേനല്‍ക്കാലത്തിനു മുമ്പായി കനാലുകളിലെ ചെളി നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനും കനാലുകളിലെ ചോര്‍ച്ച അടക്കുന്നതിനും പമ്പ് ഹൗസുകളിലെ ഇലക്ട്രിക് തകര്‍ച്ച പരിഹരിച്ച് പമ്പിങ്ങ് നടത്തുന്നതിനും ആവശ്യമായ മുന്നൊരുക്ക നടപടികള്‍ അടിയന്തരമായി കൈകൊള്ളണമെന്ന് എം എല്‍ എ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി ആവശ്യമായ മെയിന്റനന്‍സ് ജോലികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ തനിക്കുള്ള പ്രതിഷേധം എം എല്‍ എ ഉദ്യോഗസ്ഥരെ അറിയിച്ചു.
കാഞ്ഞൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ തിരുവിലഞ്ചൂഴി ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസില്‍ നിന്നും ഏകദേശം രണ്ടു ലക്ഷം വിലയുള്ള ഇലക്ട്രിക് കേബിളുകള്‍ 2022 ആഗസ്റ്റ് 26 തിയ്യതി മോഷണം പോയ കേസില്‍ കുറ്റവാളികളെ കണ്ടെത്തി തൊണ്ടി മുതല്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പൊലീസ് അലംഭാവം വെടിഞ്ഞ് എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി കളവു മുതല്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എം എ ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി മാര്‍ട്ടിന്‍, പി വി കുഞ്ഞ്, സെബാ മുഹമ്മദാലി, സതീലാലു, വൈസ് പ്രസിഡന്റ്മാരായ ബാബു പുത്തനങ്ങാടി, കൃഷ്ണകുമാര്‍, സാജന്‍ എബ്രഹാം, സന്ധ്യാനാരായണ പിള്ള, സിന്ധു പാറപ്പുറം, മൈനര്‍ ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ യശോദ ദേവി എന്‍, അസി. എക്‌സി. എഞ്ചിനീയര്‍മാരായ കുമാരി സിന്ധു എസ്, സുജ കെ ആര്‍, അസി. എഞ്ചിനീയര്‍മാരായ റെജി തോമസ്, ബിനിത പി എം, ഓവര്‍സിയര്‍ കൃഷ്ണകുമാര്‍ കെ എ എന്നിവര്‍ പങ്കെടുത്തു.

