

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രേമന്‍ (68) അന്തരിച്ചു. ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു.

കെ എസ് പ്രേം കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. 1979ല്‍ റിലീസ് ചെയ്ത ഏഴുനിറങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചാണ് ചലച്ചിത്ര ലോകത്തെത്തിയത്. പൃഥ്വിരാജിന്റെ കടുവ, ഒരു പപ്പടവട പ്രേമം എന്നീ സിനിമകളിലാണ് ഒടുവില്‍ അഭിനയിച്ചത്.

കളരാമത്തില്‍ ശിവരാമന്‍ ശാസ്ത്രിയുടേയും ടി എസ് കമലയുടേയും മകനായി 1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരം പേയാടാണ് ജനനം. തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ കാളിദാസ കലാകേന്ദ്രം, കേരള തിയേറ്റേഴ്‌സ്, സംഘചേതന തുടങ്ങിയ നാടക ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. സ്‌കൂള്‍ പഠന കാലത്തു തന്നെ നാടകം എഴുതി സംവിധാനം ചെയ്തിരുന്നു. ആകാശവാണിയിലും കൊച്ചുപ്രേമന്റെ നാടകങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
ദില്ലിവാലാ രാജകുമാരനിലൂടെ ശ്രദ്ധേയനായ കൊച്ചുപ്രേമന്‍ പട്ടാഭിഷേകം, ഓര്‍ഡിനറി, ചതിക്കാത്ത ചന്തു, ഛോട്ടാ മുംബൈ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
നടി ഗിരിജയാണ് ഭാര്യ. മകന്‍: പി ജി ഹരികൃഷ്ണന്‍.

