

ആലപ്പുഴ: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആലപ്പുഴ ഗവണ്മെന്റ് ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പരിശോധിക്കുന്നതിനുള്ള മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിനായി പ്രിന്‍സിപ്പാള്‍ ഡോ. മിറിയം വര്‍ക്കി ചെയര്പേഴ്സാണായും സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം ടീം മേധാവിയായും മെഡിക്കല്‍ ടീം രൂപീകരിച്ചു.

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയ കുമാര്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ.ഷാജി സി വി, മെഡിസിന് വകുപ്പ് മേധാവി ഡോ. സുമേഷ് രാഘവന്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ എന്‍ എന്നിവരാണ് മെഡിക്കല്‍ ടീം അംഗങ്ങള്‍.

മെഡിക്കല്‍ ടീം പരിശോധിച്ചതില്‍ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിന് നേരത്തെ പേസ് മേക്കര്‍ യന്ത്രം ഘടിപ്പിച്ചിരുന്നു. മുന്‍പ് ഒരു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധനയില്‍ നേരിയ കുറവ് കാണുന്നുണ്ട്. പേസ് മേക്കര്‍ പരിശോധിക്കാനായി പെസ് മേക്കര്‍ നിര്‍മ്മാതാക്കളായ കമ്പനിയുടെ ടെക്നീഷ്യന് വിഭാഗത്തെ അടിയന്തിരമായി അറിയിച്ചിട്ടുണ്ട്. മറ്റ് പരിശോധനകളില്‍ ഹൃദയാഘാതമോ മസ്തിഷ്ക സംബന്ധമായ യാതൊരു അസുഖമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
