
ദോഹ: സ്ത്രീ ജീവിതത്തിന്റെ അനുഭവങ്ങളും പ്രതിരോധങ്ങളും സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങളും സാഹിത്യത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട് അടയാളം ഖത്തര്‍ സംഘടിപ്പിക്കുന്ന ദി വിംഗ്‌സ് അണ്‍ക്ലിപ്പ്ഡ് എഴുത്തിലെ പെണ്‍മുദ്രകള്‍ വായനാ- സംവാദ പരിപാടി ജൂലൈ 10ന് വൈകിട്ട് 6.30ന് ദോഹയിലെ ഐ സി സി മുംബൈ ഹാളില്‍ നടക്കും.

സ്ത്രീ എഴുത്തുകാരുടെ കൃതികള്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും വ്യക്തിജീവിതത്തെയും എങ്ങനെ പുതുവായനയ്ക്ക് വിധേയമാക്കുന്നുവെന്ന അന്വേഷണമാണ് പരിപാടിയുടെ പ്രമേയം. ലോകസാഹിത്യത്തിലും മലയാളസാഹിത്യത്തിലും ശ്രദ്ധേയമായ മൂന്ന് കൃതികളെ ആസ്പദമാക്കി സംവാദങ്ങള്‍ നടക്കും.

ഇന്ത്യന്‍ സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മിയെ കുറിച്ച് ഷമിന ഹിഷാം അവതരണം നടത്തും. സ്ത്രീ സ്വാതന്ത്ര്യ ചിന്തയുടെ ചരിത്രപരമായ രേഖയായി വിലയിരുത്തപ്പെടുന്ന വര്‍ജീനിയ വൂള്‍ഫിന്റെ എ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന കൃതിയെ ചിത്ര ശിവന്‍ പരിചയപ്പെടുത്തും.
സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതിയായ ഹരിത ആര്‍ ന്റെ നീലപ്പരുന്ത് നോവലിനെക്കുറിച്ച് ഹുസൈന്‍ വാണിമേല്‍ സംസാരിക്കും.
വായനയെ കേവലം പുസ്തക പരിചയത്തില്‍ ഒതുക്കാതെ സാമൂഹിക യാഥാര്‍ഥ്യങ്ങളെയും സ്ത്രീ അനുഭവങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന സംവാദവേദിയാക്കി മാറ്റുകയാണ് പരിപാടിയിലൂടെ അടയാളം ഖത്തര്‍ ലക്ഷ്യമിടുന്നത്.

