

ആലുവ: ചാത്തപുറം എടയപ്പുറം- സൊസൈറ്റിപ്പടി റോഡ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിനായി പി ഡബ്ല്യു ഡിയുടെ എഫ് ഡി ആര്‍ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.256 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

ഈ റോഡ് പി എ റോഡില്‍ നിന്നും ആരംഭിച്ച് കുട്ടമശ്ശേരി ചുണങ്ങംവേലി റോഡിലെ സൊസൈറ്റിപ്പടിയിലാണ് അവസാനിക്കുന്നത്. ചാത്തപ്പുറം, എടയപ്പുറം, മറ്റു സമീപ പ്രദേശങ്ങള്‍ എന്നിവയുടെ വിദൂര സ്ഥലങ്ങള്‍ ആലുവ പട്ടണവുമായി ബന്ധിപ്പിക്കുന്ന നിരവധി സ്‌കൂളുകളും ആശുപത്രികളും സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട റോഡാണിത്.

നിലവില്‍ നാല് മീറ്റര്‍ വീതിയുള്ള ഈ റോഡ് ജി എസ് ബി, ഡബ്ല്യു എം എം എന്നിവ ഉപയോഗിച്ച് അഞ്ച് മീറ്ററാക്കി ബി എം ബി സി നിലവാരത്തിലായിരിക്കും പുനരുദ്ധാരണം നടത്തുക. കൂടാതെ ഡ്രെയിന്‍, ഐറിഷ് ഡ്രെയിന്‍, സുരക്ഷകള്‍ ഭിത്തികള്‍, അത്യാവശ്യ ഇടങ്ങളില്‍ ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

