

കൊച്ചി: പ്രമേഹ സങ്കീര്‍ണതകള്‍ മൂലം പാദം മുറിച്ചുമാറ്റപ്പെടുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപിഎസ് ലേക്ഷോറില്‍ പ്രത്യേക ഡയബറ്റിക് ഫൂട്ട് ലാബ് ആരംഭിച്ചു. പ്രമേഹ പാദ രോഗികള്‍ക്ക് വിദഗ്ദ്ധ പരിചരണം നല്‍കുന്നതിനും പാദം മുറിച്ച് മാറ്റേണ്ട അവസ്ഥ ഒഴിവാക്കാനും ലക്ഷ്യമിട്ട് വിപിഎസ് ലേക്ഷോറില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിന് കീഴിലാണ് ഡയബറ്റിക് ഫൂട്ട് ലാബ് സ്ഥാപിതമായത്.

പ്രമേഹ രോഗികള്‍ക്ക് രക്തക്കുഴലുകളുടെ പരിശോധന, ന്യൂറോപ്പതിക് പരിശോധന, കാലിലെ പ്രഷര്‍ സ്‌കാന്‍ എന്നിവ നടത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.

വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ലാബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷോണ്‍ ടി ജോസഫ്, സിഒഒ ജയേഷ് വി നായര്‍, ന്യൂറോ സര്‍ജന്‍ ഡോ. സുദീഷ് കരുണാകരന്‍, ഫുട്ട് ആന്‍ഡ് ആങ്കിള്‍ പോഡിയാട്രി വിഭാഗം മേധാവി ഡോ. രാജേഷ് സൈമണ്‍, കണ്‍സള്‍ട്ടന്റ് ഡോ. ഡെന്നിസ് പി ജോസ് എന്നിവര്‍ സന്നിഹിതരായി.
ആങ്കിള്‍ ബ്രാക്കിയല്‍ ഇന്‍ഡക്‌സ് (എബിഐ) മെഷീന്‍, ബയോതെസിയോമീറ്റര്‍, ഫൂട്ട് പ്രഷര്‍ മാപ്പിംഗ് സ്‌കാനര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഉപകരണങ്ങള്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.
ആങ്കിള്‍ ബ്രാക്കിയല്‍ ഇന്‍ഡക്‌സ് (എബിഐ) മെഷീന്‍ ഉപയോഗിച്ച് കണങ്കാലിലെയും കൈയിലേയും രക്തസമ്മര്‍ദ്ദത്തിന്റെ അനുപാതം അളക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ രക്തക്കുഴലുകളുടെ ആരോഗ്യം നിര്‍ണയിക്കാം. ന്യൂറോപ്പതി രോഗനിര്‍ണ്ണയത്തിന് സഹായിക്കുന്ന വൈബ്രേഷന്‍ പെര്‍സെപ്ഷന്‍ ത്രെഷോള്‍ഡ് നിര്‍ണ്ണയിക്കുന്ന ഒരു നോണ്‍-ഇന്‍വേസിവ് ഉപകരണമാണ് ബയോതെസിയോമീറ്റര്‍.
‘പ്രമേഹ രോഗികള്‍ക്ക് പാദങ്ങളില്‍ സംവേദനക്ഷമത കുറവായതിനാല്‍ മുറിവ് ഉണ്ടായാല്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ക്രമേണ ഡയബറ്റിക് ഫുട്ട് അള്‍സറായി മാറുകയും ആത്യന്തികമായി കാല്‍ മുറിച്ചുമാറ്റലിലേക്ക് നയിക്കുകയും ചെയ്യും. അവരുടെ പാദങ്ങളുടെ ആരോഗ്യം വിലയിരുത്തുന്നതിന് വാസ്‌കുലര്‍ സിസ്റ്റം, ന്യൂറോപതിക് അവസ്ഥ, കാലിലെ രക്തസമ്മര്‍ദ്ദം എന്നിവ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഈ പരിശോധനകള്‍ അവരുടെ പാദങ്ങളുടെ നിലവിലെ അവസ്ഥ നിര്‍ണ്ണയിക്കാനും ഏറ്റവും ഉചിതമായ ചികിത്സ ശുപാര്‍ശ ചെയ്യുന്നതില്‍ ഞങ്ങളെ നയിക്കാനും സഹായിക്കുന്നു,” വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ ഫുട്ട് ആന്‍ഡ് ആങ്കിള്‍, പോഡിയാട്രിക് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഡെന്നിസ് പി ജോസ് പറഞ്ഞു.
പ്രമേഹ സംബന്ധമായ പാദ രോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ഇടപെടലും നിര്‍ണായകമാണെന്ന് വിപിഎസ് ലേക്ഷോര്‍ ഫുട്ട് ആന്‍ഡ് ആങ്കിള്‍ വിഭാഗം മേധാവി ഡോ. രാജേഷ് സൈമണ്‍ പറഞ്ഞു. ‘ഈ ലാബിന്റെ നൂതനമായ സജ്ജീകരണം പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും കല്‍ മുറിച്ചുമാറ്റല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളാനും ഞങ്ങളെ സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഞങ്ങള്‍ രോഗികളെ വിശകലനം ചെയ്തപ്പോള്‍, ഡയബറ്റിക് ഫുട്ട് അള്‍സര്‍ കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി. ഈ അവസ്ഥയെ ഫലപ്രദമായി ചികിത്സിക്കുന്നതിന് ഓരോ രോഗിയുടെയും വ്യക്തവും സമഗ്രവുമായ മെഡിക്കല്‍ റെക്കോര്‍ഡ് ഞങ്ങള്‍ക്ക് ആവശ്യമാണ്. ഫുട്ട് ആന്‍ഡ് ആങ്കിള്‍, പോഡിയാട്രി വിഭാഗം ഇതിനകം നിരവധി രോഗികളെ കാല്‍ മുറിച്ചുമാറ്റുന്നതില്‍നിന്ന് രക്ഷിച്ചതിനാല്‍, ഇവിടെ ഒരു അത്യാധുനിക ലാബ് സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സൗകര്യം രോഗികള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, കൂടുതല്‍ കൃത്യമായി ചികിത്സകള്‍ ആസൂത്രണം ചെയ്യാന്‍ ഡോക്ടര്‍മാരെ പ്രാപ്തരാക്കുകയും ചെയ്യും,” ഉദ്ഘാടന വേളയില്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.

