
കാബൂള്‍: താലിബാന്‍ ഭരണത്തില്‍ പ്രതീക്ഷയില്ലാത്ത അഫ്ഗാന്‍ ജനത വിമാന മാര്‍ഗ്ഗം രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതോടെ അതിര്‍ത്തികളിലേക്ക് പലായനം തുടങ്ങി. ഇറാന്‍, പാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ പ്രവേശിക്കാനാണ് അഫ്ഗാന്‍ ജനതയുടെ ശ്രമം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ വിദേശ പൗരന്മാരും നാടുവിടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യു എസ് വിദേശകാര്യ സെക്രട്ടറിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചുമതലപ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏതാനും അമേരിക്കന്‍ പൗരന്മാര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ട്. യു എസ് സൈന്യത്തിന്റേയും പൗരന്മാരെ ഒഴിപ്പിക്കലിന്റേയും ദൗത്യം പൂര്‍ത്തിയായെങ്കിലും വിദേശികള്‍ക്ക് ഉള്‍പ്പെടെ രാജ്യം വിടാന്‍ താലിബാന്‍ സുരക്ഷിതപാത ഒരുക്കുമെന്ന പ്രതീക്ഷയാണ് ബൈഡന്‍ ഭരണകൂടം പുലര്‍ത്തുന്നത്. എന്നാല്‍ കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി അവസാനിപ്പിച്ചതോടെ എങ്ങനെ ഒഴിപ്പിക്കുമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയായിട്ടില്ല.


രാജ്യത്തെ ബാങ്കുകള്‍ക്കും എംബസികള്‍ക്കും മുമ്പില്‍ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാഴ്ചയോളമായി ജോലിയ്ക്ക് പോകാന്‍ കഴിയാത്തവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമാണ് അഫ്ഗാനിലെ ഭൂരിപക്ഷം പേരുമുള്ളത്.
യു എസ് സൈന്യത്തിന്റെ പരിഭാഷകരായി പ്രവര്‍ത്തിച്ച അഫ്ഗാനികളും മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം കടുത്ത ആശങ്കലിയാലുണുള്ളത്.
അഫ്ഗാനിലെ പ്രാദേശിക ജീവനക്കാര്‍ക്ക് സഹായം എത്തിക്കാന്‍ താലിബാനുമായി ചര്‍ച്ച നടത്തേണ്ടത് പ്രധാനമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലാണ് ഇവരുടെ സംഖ്യയെന്നും ഇവരില്‍ എത്രപേര്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള അയ്യായിരത്തോളം പേരെ ജര്‍മനി ഒഴിപ്പിച്ചതായും അതില്‍ കൂടുതലും അഫ്ഗാനികളാണെന്നും ആഞ്ചല മെര്‍ക്കല്‍ അറിയിച്ചു.
അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിന് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാറാണ് രൂപീകരിക്കേണ്ടതെന്ന് ചൈന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭീകരസംഘങ്ങളോട് താലിബാന്‍ അകലം പാലിക്കണമെന്നും മറ്റൊരു രാജ്യത്തെ സൈനിക അധിനിവേശം പൂര്‍ണ പരാജയമായിരിക്കുമെന്നതിന്റെ തെളിവാണ് യു എസിന്റെ അഫ്ഗാന്‍ ഇടപെടലെന്നും ചൂണ്ടിക്കാട്ടിയ ചൈനീസ് വിദേശകാര്യ വക്താവ് വെംഗ് വെര്‍ബിന്‍ പ്രാതിനിധ്യ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അംഗീകരിക്കുമെന്നും വ്യക്തമാക്കി.


