പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥികള്‍

Web Desk
3 Min Read

രാഷ്ട്രീയ താത്പര്യങ്ങളുടെ ചുവടുപറ്റി യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും പതിവാകുമ്പോള്‍ ലോകമാകെ അഭയാര്‍ഥി പ്രശ്നങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ അന്തരഫലമായി അഭയാര്‍ഥികള്‍ രൂപപ്പെടുമ്പോള്‍ അവ ലോകമന:സാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമായി മാറുന്നു. വിദൂരവിദേശങ്ങളില്‍ മാത്രമല്ല നമ്മുടെ തൊട്ടടുത്തുവരെ അഭയാര്‍ഥി വിഷയങ്ങള്‍ സജീവമായി നിലനില്‍ക്കുന്നു. പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉദാഹരണം.

city exchange

വലിയ യാതനകളാണ് പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് വിവരം. പാകിസ്താന്‍ സര്‍ക്കാര്‍ ഈയടുത്ത് പുറത്തിറക്കിയ ഉത്തരവു പ്രകാരം, രേഖകളില്ലാതെ ആ രാജ്യത്തു തുടരുന്ന ആരും ഏതു സമയവും അറസ്റ്റു ചെയ്ത് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റപ്പെടും. ഇതിന്റെ ചുവുടുപിടിച്ച് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കെതിരെ മനുഷ്യത്വരഹിതമായ ഇടപെടലുകളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നു കാണാം. വിസ നടപടികള്‍ക്കും രജിസ്ട്രേഷനും ശേഷവും തടവില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 17 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളോട് പാകിസ്താന്‍ വിടാന്‍ ഇതിനകം ഭരണകൂടം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അഭയാര്‍ഥികളുടെ സുരക്ഷിതമായ തിരിച്ചുപോക്കിന് അഫ്ഗാനുമായും ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഹൈ കമ്മിഷണറേറ്റുമായും (യു എന്‍ എച്ച് സി ആര്‍) കരാര്‍ നിലനില്‍ക്കുന്ന രാജ്യമാണ് പാകിസ്താന്‍. അതിനാല്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് നിയമവിരുദ്ധമാണ്. 1951ലെ അഭയാര്‍ഥി കണ്‍വെന്‍ഷനിലും 1967 അഭയാര്‍ഥി പ്രൊട്ടോക്കോളിലും പാകിസ്താന്‍ ഒപ്പുവെച്ചിട്ടില്ല എങ്കില്‍പ്പോലും സ്വന്തംനാട്ടില്‍നിന്ന് പീഢനം കാരണം അഭയം തേടുവന്നരെ തിരിച്ചയക്കാന്‍ മേല്‍കരാര്‍ പ്രകാരം പാടില്ലാത്തതാണ്.

- Advertisement -
Ad image

പതിറ്റാണ്ടുകളായി പാകിസ്താനില്‍ താമസിച്ചു വരുന്നവരോടു പോലും നാടുവിടാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. സൈനിക പിന്തുണയുള്ള താത്ക്കാലിക സര്‍ക്കാരാണ് ഇത്തരമൊരു നിര്‍ദശം പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വരെ ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനു മാറ്റി. ജുഡിഷ്യല്‍ അന്വേഷണം ഇനി വേണ്ടതില്ല. ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട്് അഭയാര്‍ഥികളെ പിടികൂടുകയും പുറത്താക്കുകയും ചെയ്യാം. അവര്‍ക്കായി വാദിക്കാന്‍ ഇനി അഭിഭാഷകര്‍ക്ക് അവകാശമില്ല.

പാകിസ്താന്‍ സര്‍ക്കാരിന്റെ സൈനിക താത്പര്യങ്ങള്‍ക്ക് യോജിക്കാത്ത താലിബാന്‍ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്നതിനാണ് ഇത്തരമൊരു നീക്കം എന്നാണ് കരുതപ്പെടുത്. അഭയാര്‍ഥികള്‍ തിരിച്ചു ചെല്ലുന്നത് അഫ്ഗാന്‍ സര്‍ക്കാരിന്റെ ശ്രദ്ധ അവരിലേക്കുതന്നെ കൊണ്ടുപോകുമെന്നും ആ രാജ്യത്തെ വിഭവങ്ങളില്‍ പരിമിതി സൃഷ്ടിക്കുമെന്നും പാകിസ്താന്‍ കണക്കുകൂട്ടുന്നു. യു എസിനോടും മധ്യപൗരസ്ത്യ രാജ്യങ്ങളോടും ഇന്ത്യയോടുമുള്ള താലിബാന്‍ ഭരണകൂടത്തിന്റെ മൃദുസമീപനങ്ങളാണ് പാക്സിതാനെ ചൊടിപ്പിക്കുന്ന മുഖ്യഹേതു. അതേസമയം മധ്യപൗരസ്ത്യ രാജ്യങ്ങളാവട്ടെ അഫ്ഗാന്‍ അഭയാര്‍ഥി പ്രശ്നം ഒരു അടിയന്തിര പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.

അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് എതിരായ മനുഷ്യത്വരഹിതമായ ഇടപെടലുകള്‍ക്ക് എതിരെ പ്രതിഷേധിച്ച പഷ്തൂണ്‍ വിഭാഗക്കാരായ പിടിഎം, എഎന്‍പി, എന്‍ഡിഎം തുടങ്ങിയ സംഘടനകള്‍ക്കെതിരെ ഈയിടെയാണ് എഫ്ഐആര്‍ ഇട്ട് കേസെടുത്തത്. താലിബാന്‍ കാബൂള്‍ പിടിച്ചതിന് ശേഷം അഭയാര്‍ഥികള്‍ക്ക് കാര്‍ഡ് നല്‍കുന്നതു പോലും പാകിസ്താന്‍ നിര്‍ത്തി. നിയമസാധുതയില്ലാത്ത ടോക്കണ്‍ കാര്‍ഡുകള്‍ മാത്രമാണ് പിന്നീട് നല്‍കിയത്. അഭയാര്‍ഥികളുടെ കാര്യങ്ങള്‍ നോക്കുന്ന പൊതുപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ നിയന്ത്രിച്ചു. പാകിസ്താനിലാകെ 50 തടവറകള്‍ ഇതിനകം പണിതു. ഇവയുടെ എണ്ണം ഉയരാനിരിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തകരെയോ അഭിഭാഷകരെയോ കടത്തിവിടുന്നില്ല.

സിന്ധ് ഹൈക്കോടതി ഈയിടെ പറഞ്ഞത് മൗലികാവകാശങ്ങള്‍ പൗക് പൗരന്മാര്‍ക്കാണ്, അഫ്ഗാനികള്‍ക്കില്ല എന്നാണ്. ഈ പ്രതിസന്ധിക്കിടയില്‍ പുറത്തുപോകുന്നവര്‍ക്ക് അതിര്‍ത്തിയിലേക്ക് 50,000 പാക് രൂപ മാത്രം വഹിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നവര്‍ക്കാകട്ടെ വാഹനങ്ങള്‍ ഉള്‍പ്പെടെ വന്‍ പണച്ചെലവും വരുന്നു. പാകിസ്താനികള്‍ക്കു നല്‍കിയ കടം പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണെന്ന് അഭയാര്‍ഥികള്‍ പരിതപിക്കുന്നു. അതിര്‍ത്തിയിലെ ഗോത്രവര്‍ഗക്കാര്‍ക്കു പോലും അപ്പുറം ഇപ്പുറം കടക്കാനുള്ള അനുമതിയില്ല. 18 വയസില്‍ മാത്രം ലഭിക്കുന്ന സി എന്‍ ഐ സി കാര്‍ഡുകള്‍ ഇല്ല എന്ന കാരണത്താല്‍ പഷ്തൂണ്‍ വിഭാഗത്തിലെ കുട്ടികളോടു ക്രൂരതയാണ് കാണിക്കുന്നത്.

ശൈത്യകാലത്തിന്റെ തുടക്കത്തില്‍ തന്നെയാണ് അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനം പാകിസ്താന്‍ കൈക്കൊള്ളുന്നത്. രേഖകള്‍ ശരിയാക്കാന്‍ വരുന്നവരോട് വലിയ കൈക്കൂലിയാണ് പൊലീസ് ചോദിക്കുന്നത്. അര്‍ധരാത്രിയിലെ പരിശോധനകള്‍ ഇപ്പോള്‍ അഫ്ഗാനികള്‍ താമസിക്കുന്ന വീടുകളില്‍ സാധാരണയാണ്. കറാച്ചി ഉള്‍പ്പെടെ പല നഗരങ്ങളിലും കുട്ടികളെ ഉള്‍പ്പെടെ ഒരു മാസമായി പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. പല ക്യാംപുകളും അധികൃതര്‍ അലങ്കോലമാക്കി. വിസ നല്‍കുന്നത് ബോധപൂര്‍വം വൈകിപ്പിക്കുന്നു. ബാങ്ക് അക്കൗണ്ടുകളും വാടകവീടും മറ്റും ലഭിക്കാനുള്ള തടസം അഭയാര്‍ഥികളെ വലിയ തോതില്‍ ചൂഷണം ചെയ്യുന്നതിലേക്ക് എത്തിക്കുന്നു. ഇതിനൊക്കെ പുറമെ സെപ്റ്റംബറിലെ തെഹ്‌രികെ താലിബാന്‍ പാകിസ്താന്‍ എന്ന സംഘടനയുടെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഇപ്പോള്‍ അഭയാര്‍ഥികളുടെ ചുമലിലാണ്.

Share This Article
Leave a Comment
error: Content is protected !!