Featured
വീണ്ടും സാങ്കേതിക തകരാര്‍; ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി തെരഞ്ഞെടുപ്പ് പിന്നേയും മാറ്റി
ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളുടെ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഡിജിപോള്‍ ആപ്പിലെ ഇന്റേണല്‍ സര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാതിരുന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റേണ്ടി വന്നത്.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുകളാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്നത്. രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കുന്നത്.
ഫെബ്രുവരി 17നായിരുന്നു തെരഞ്ഞെടുപ്പ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആപ്ലിക്കേഷനിലെ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫെബ്രുവരി 24ലേക്ക് മാറ്റുകയായിരുന്നു.
24ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു തെരഞ്ഞെടുപ്പ് ആരംഭിച്ചത്. എന്നാല്‍ ഡിജിപോള്‍ ആപ്ലിക്കേഷനില്‍ ഇന്റേണല്‍ തകരാര്‍ സംഭവിക്കുകയും വോട്ട് ചെയ്യാനാവാത്ത അവസ്ഥ വരികയുമായിരുന്നു.
ആപ്ലിക്കേഷനിലെ തകരാര്‍ പരിഹരിക്കാനാവാത്തതോടെ തെരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.