പിരിമുറുക്കം കുറയ്ക്കാന്‍ ഖത്തര്‍ ഇറാനുമായി ഇടപെടുന്നു

Web Desk
2 Min Read

ദോഹ: പിരിമുറുക്കം കുറയ്ക്കുകയും മേഖലയില്‍ സ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഖത്തറും ഇറാനും തമ്മില്‍ നയതന്ത്ര ചര്‍ച്ചകളും ഉന്നതതല സന്ദര്‍ശനങ്ങളും തുടരുകയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് മുഹമ്മദ് അല്‍-അന്‍സാരി വെളിപ്പെടുത്തി.

city exchange

പ്രാദേശികവും അന്താരാഷ്ട്രവുമായ എല്ലാ പങ്കാളികളും നയതന്ത്രപരമായ പരിഹാരങ്ങളിലേക്കും ചര്‍ച്ചാ മേശയിലേക്കും മടങ്ങുന്നതിന് തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു. സംഘര്‍ഷം വര്‍ധിക്കാതിരിക്കുകയും മേഖലയിലുടനീളം സ്ഥിരതയും സമാധാനവും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

സാധ്യമായ പ്രാദേശിക സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് ഖത്തര്‍ സുരക്ഷ, പരമാധികാരം, പൗരന്മാര്‍ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്ഥിരമായി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല തര്‍ക്കങ്ങളും ഉയര്‍ന്നുവരുന്ന പിരിമുറുക്കങ്ങളും ആരുടെയും താത്പര്യങ്ങള്‍ക്ക് അനുകൂലമല്ലെന്നും ചരിത്രപരമായ ബന്ധങ്ങള്‍ പങ്കിടുന്ന അയല്‍രാജ്യമായ ഇറാന്റെ സാഹചര്യത്തില്‍. പിരിമുറുക്കം നിറഞ്ഞ പ്രാദേശിക ഭാവി ബന്ധപ്പെട്ട എല്ലാവര്‍ക്കും ദോഷകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍, യു എസ്, തുര്‍ക്കിയെ ഉള്‍പ്പെടെ എല്ലാ കക്ഷികളും ഖത്തറുമായി അടുത്ത സഹകരണത്തിലാണെന്നും എല്ലാവരുടെയും നന്മയ്ക്കായി നയതന്ത്രപരവും സമാധാനപരവുമായ തര്‍ക്കപരിഹാരങ്ങള്‍ക്കാണ് ഖത്തര്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും ഡോ. അല്‍ അന്‍സാരി വ്യക്തമാക്കി.

- Advertisement -
Ad image

ഗാസയെ കുറിച്ച് സംസാരിക്കുമ്പോള്‍ ചികിത്സ, വിദ്യാഭ്യാസം, മറ്റ് മാനവിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫലസ്തീനികള്‍ക്ക് സ്വതന്ത്ര ഗതാഗതം സാധ്യമാക്കുന്നതിന് റഫാ അതിര്‍ത്തി പൂര്‍ണമായി വീണ്ടും തുറക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മാനവിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തേണ്ടതിനാല്‍ സഹായവിതരണത്തിന് അതിര്‍ത്തി തുറന്ന നിലയില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ഭാഗികമായി തുറന്നത് നല്ല മുന്നേറ്റമാണെന്ന് സ്വാഗതം ചെയ്‌തെങ്കിലും അത് ആവശ്യങ്ങള്‍ക്കു വളരെ അപര്യാപ്തമാണെന്ന് ഡോ. അല്‍ അന്‍സാരി പറഞ്ഞു. 20,000ത്തിലധികം രോഗികള്‍ക്ക് അടിയന്തരമായി ചികിത്സ ആവശ്യമായിട്ടുണ്ടെങ്കിലും നിലവിലുള്ള ഏറ്റുമുട്ടല്‍ കാരണം അവര്‍ക്കത് ലഭിക്കുന്നില്ല.

ദുരിതം കുറയ്ക്കാനും മാനവരാശിക്കെതിരായ പൂര്‍ണമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിച്ച സാഹചര്യം അവസാനിപ്പിക്കാനും ഈജിപ്ത്, യു എസ്, യൂറോപ്യന്‍ യൂണിയന്‍, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് ഖത്തര്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ സര്‍ക്കാരിന്റെ ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഖത്തറിന്റെ പേര് ഉപയോഗിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും തങ്ങള്‍ പൂര്‍ണമായി നിരാകരിക്കുന്നുവെന്ന് ഇസ്രായേല്‍ അംഗങ്ങളില്‍ നിന്നുള്ള ഖത്തറിനെതിരായ ആവര്‍ത്തിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച ഡോ. അല്‍-അന്‍സാരി പറഞ്ഞു. ഖത്തര്‍ ഒരിക്കലും ഇസ്രായേലിനെ ആക്രമിച്ചിട്ടില്ലെങ്കിലും ഇസ്രായേലിന്റെ ആഭ്യന്തര തര്‍ക്കങ്ങളില്‍ ഖത്തറിന്റെ പേര് സ്ഥിരമായി വലിച്ചിഴക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറിച്ച്, ഇസ്രായേല്‍ ഖത്തറിനെതിരെ പ്രകോപനമില്ലാത്ത ആക്രമണം നടത്തുകയും അതില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുകയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രി അതിന് ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും ഇത്തരത്തിലുള്ള നടപടികള്‍ വീണ്ടും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ സ്ഥിരത പുലര്‍ത്തുന്നുവെന്നും ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളില്‍ ഖത്തറിന് യാതൊരു പങ്കുമില്ലെന്നും വൈരപരമായ നിലപാടുകള്‍ ഖത്തര്‍ തള്ളിക്കളയുന്നുവെന്നും ഡോ. അല്‍ അന്‍സാരി വീണ്ടും ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!