Community
ഓണ്‍ അറൈവല്‍ വിസയില്‍ ദോഹയിലേക്ക് പറക്കാന്‍ ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ദോഹ: ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്താന്‍ ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈവശമുണ്ടായിരിക്കണമെന്നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതെങ്കിലും ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് മാത്രമേ യാത്രയ്ക്ക് സ്വീകരിക്കുകയുള്ളുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്ത ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലാണ് ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ആവശ്യമായ രേഖകള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ തന്നെ പരിശോധിക്കാനുള്ള നിര്‍ദ്ദേശവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്കിയിട്ടുണ്ട്. അയ്യായിരം ഖത്തര്‍ റിയാലിന് തുല്യമായ മൂല്യം ക്രഡിറ്റ് കാര്‍ഡിന് ഉണ്ടായിരിക്കണം.


ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വിസയെ കുറിച്ച് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്:
- യാത്ര പുറപ്പെടുന്ന ദിവസം മുതല്‍ ആറു മാസത്തെ കാലാവധിയെങ്കിലും ഏറ്റവും കുറഞ്ഞത് പാസ്‌പോര്‍ട്ടിന് ഉണ്ടായിരിക്കണം
- മടക്ക യാത്രാ ടിക്കറ്റ്
- ഹോട്ടല്‍ റിസര്‍വേഷന്‍ രേഖകള്‍
- യാത്രക്കാരന് നിര്‍ബന്ധമായും ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉണ്ടായിരിക്കണം (യാത്രക്കാരന്റെ പേരിലായിരിക്കണം കാര്‍ഡ്. കുടുംബ സമേതമാണ് യാത്ര നടത്തുന്നതെങ്കില്‍ കുടുംബ നാഥന്റെ പേരിലായിരിക്കണം കാര്‍ഡ്)
- 30 ദിവസത്തില്‍ കൂടുതല്‍ വിസാ കാലാവധി ദീര്‍ഘിപ്പിക്കില്ല

എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്ത നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്:
- ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവരുടെ കൈയില്‍ 5000 ഖത്തര്‍ റിയാലോ അല്ലെങ്കില്‍ ഒരു ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തൂല്യമായതോ ആയ മൂല്യമുള്ള ഇന്റര്‍നാഷനല്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം.
- യാത്രക്കാരുടെ കൈയില്‍ കണ്‍ഫേം ചെയ്ത റിട്ടേണ്‍ വിമാന ടിക്കറ്റ് ഉണ്ടാവണം.
- യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ ടി പി സിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രത്തില്‍ നിന്ന് വേണം പരിശോധന നടത്താന്‍.
- എല്ലാ യാത്രക്കാരും ഇഹ്തിറാസ് പോര്‍ട്ടലില്‍ (www.ehteraz.gov.qa) രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം.
- ബോര്‍ഡിങ് പാസ് ഇഷ്യു സമയത്ത് ഇഹ്തിറാസ് രജിസ്‌ട്രേഷന്റെ തെളിവ് കാണിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.
- എയര്‍പോര്‍ട്ടില്‍ എത്തും മുമ്പ് കൈയില്‍ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
- ഓണ്‍ അറൈവലില്‍ വരുന്നവര്‍ക്ക് ഖത്തറില്‍ താമസിക്കുന്നതിനുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ കണ്‍ഫേം ചെയ്ത രേഖ വേണം.
- പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
- യാത്രക്കാര്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.
- ഏത് വാക്‌സിന്‍, സ്വീകരിച്ച തിയ്യതി തുടങ്ങിയവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.


ഇന്റര്‍നാഷണല്‍ ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാണെന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിര്‍ദ്ദേശം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇന്ത്യന്‍ വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്ക് പറക്കാനാവുക എന്നതിനാല്‍ യാത്ര പുറപ്പെടുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. ഡെബിറ്റ് കാര്‍ഡ് മാത്രമുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയുടെ പേരില്‍ യാത്ര ചെയ്യാനാവില്ലെന്നതാണ് നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്കുന്ന സൂചന.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓണ്‍ അറൈവല്‍ വിസയിലെത്തിയ ഇന്ത്യക്കാരുടെ കൈയ്യില്‍ ആവശ്യമായ തുകയോ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചുവെച്ചിരുന്നു.


