
കൊച്ചി: ബോളിവുഡ് നടന്‍ മിര്‍ സാര്‍വാര്‍ സമാറയിലൂടെ റഹ്മാന്റെ വില്ലാനായി മലയാളത്തില്‍ എത്തുന്നു. അക്ഷയ് കുമാറിന്റെ കേസരി എന്ന സിനിമയിലെ മിര്‍ സാര്‍വാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് അക്ഷയ് കുമാറിന്റെ ലക്ഷ്മിയിലും മിറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഹിന്ദിയില്‍ ബജ്‌റംഗി ബൈജാന്‍, ജോളി എല്‍ എല്‍ ബി 2, കശ്മീര്‍ ഡെയ്ലി, തമിഴില്‍ കാട്രു വെളിയിടൈ, വിശ്വരൂപം 2 എന്നീ സിനിമകളിലും മിര്‍ സാര്‍വാറിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു..
റഹ്മാന്‍ നായക വേഷത്തിലെത്തുന്ന സമാറയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പുതുമുഖ യുവ സംവിധായകന്‍ ചാള്‍സ് ജോസഫാണ് സമാറ അണിയിച്ചൊരുക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫോറന്‍സിക് ആധാരമാക്കിയുള്ള ഒരു ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും സമാറയ്ക്കുണ്ട്.
മൂത്തോനിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, വിവിയ ശാന്ത്, നീത് ചൗധരി, ദിനേശ് ലാംബ, ഗോവിന്ദ് കൃഷ്ണാ, സോനാലി സുധന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമുഖ നടന്‍ ഭരതും മര്‍മ പ്രധാനമായ കഥാപാത്രമായി എത്തുന്നുണ്ട്.
സിനു സിദ്ധാര്‍ഥ്. ഛായാഗ്രഹണവും അയൂബ് ഖാന്‍ എഡിറ്റിംഗും ദീപക് വാര്യര്‍ സംഗീത സംവിധാനവും രഞ്ജിത്ത് കോത്താരി കലാ സംവിധാനവും നിര്‍വഹിക്കുന്ന സമാറയില്‍ വിഷ്ണു ഐക്കരശ്ശേരിയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ദിനേശ് കാശി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നു. സി കെ അജയ് കുമാറാണ് പി ആര്‍ ഒ. പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ സമാറ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

