Connect with us

Special

പുതിയ ഡി ജി പി വരുമ്പോള്‍ ബഷീര്‍ വള്ളിക്കുന്നിന് പറയാനുള്ളത്

Published

on


പതിവ് രീതിയില്‍ കടുത്ത വിമര്‍ശനവുമായി ബഷീര്‍ വള്ളിക്കുന്ന് എഫ് ബി പോസ്റ്റിട്ടത് രണ്ടു ദിവസം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ കേരളാ പൊലീസിന്റെ തലപ്പത്ത് പുതിയ അധികാരി എത്തിയ ദിവസം.
ബഷീര്‍ വള്ളിക്കുന്നിന്റെ എല്ലാ പോസ്റ്റുകള്‍ക്കും കിട്ടാറുള്ളതു പോലെ ലൈക്കും ഷെയറും കമന്റുമൊക്കെ ഈ പോസ്റ്റിനും കിട്ടിയിട്ടുണ്ട്. വേദനയും സങ്കടവുമൊക്കെ ചേര്‍ത്താണെങ്കിലും തന്റെ ആക്ഷേപഹാസ്യ ശൈലിക്ക് ഒരു കുറവും അദ്ദേഹം ഈ പോസ്റ്റിനും വരുത്തിയിട്ടില്ല.
പുതിയ ഡി ജി പി ചാര്‍ജെടുക്കുമ്പോള്‍ തന്റേതു മാത്രമല്ല വലിയ സമൂഹത്തിന്റെ മനസ്സാണ് അദ്ദേഹം പങ്കുവെച്ചത്.
ബഷീര്‍ വള്ളിക്കുന്നിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

‘കേരള പോലീസിന്റെ തലപ്പത്ത് പുതിയ ഡിജിപി വരുമ്പോള്‍ ഒരാശംസ നല്കാന്‍ പൂതിയുണ്ടെങ്കിലും തത്ക്കാലം അത് ചെയ്യുന്നില്ല.
ടി പി സെന്‍കുമാറും ബെഹ്‌റയുമൊക്കെ കാഴ്ച വെച്ച പെര്‍ഫോമന്‍സ് നമുക്ക് മുന്നിലുണ്ട്, പുതിയ ആളുടെ പെര്‍ഫോമന്‍സ് കണ്ട ശേഷം ആശംസിക്കാം. അതാണ് നല്ലത്.
കേരള പോലീസിലെ സംഘിവത്കരണം ഒരു യാഥാര്‍ഥ്യമാണ്. യു ഡി എഫ് ഭരിച്ചാലും എല്‍ ഡി എഫ് ഭരിച്ചാലും കേരളത്തിലെ സംഘികള്‍ സേഫ് സോണിലാണ്. കാരണം പോലീസിന്റെ തലപ്പത്ത് അവരുടെ മേല്‍ക്കോയ്മയാണ് കുറെ കാലമായി ഉള്ളത്. സെന്‍കുമാറിനെ കൊണ്ട് വന്നത് ചെന്നിത്തല, ബെഹ്റയെ കൊണ്ട് വന്നത് പിണറായി. ആഭ്യന്തര മന്ത്രി ഏത് ചങ്കനായാലും കാര്യങ്ങളൊക്കെ സംഘിയുടെ വഴിക്കേ പോകൂ.. അതാണ് നമ്മള്‍ കണ്ടു വരുന്നത്. സംഘികള്‍ പ്രതികളായി വരുന്ന ഒരു കേസും മര്യാദക്ക് മുന്നോട്ട് പോകില്ല. എത്ര ശക്തമായ തെളിവുണ്ടെങ്കിലും അവരൊക്കെ ഊരിപ്പോരും.
സുരേന്ദ്രന്റെ കുഴല്‍പ്പണക്കേസിന്റെ കാര്യവും കണ്ടറിയണം. മാധ്യമങ്ങളും പൊതുസമൂഹവുമൊക്കെ ആ വിഷയം വിട്ട മട്ടാണ്. ഒന്ന് രണ്ട് ദിവസം ചര്‍ച്ച ചെയ്തു ഒഴിവാക്കി. സംഘികള്‍ക്കുള്ള പ്രിവിലേജ് അതാണ്. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ ഊപ്പയും കൂപ്പയും ചുമത്തി ഇപ്പോള്‍ ഉള്ളില്‍ അഴിയെണ്ണുന്നുണ്ടാകും. കേന്ദ്ര ഏജന്‍സികളൊക്കെ ഇവിടെ കിടന്ന് നിരങ്ങുന്നുണ്ടാകും.. ചാനല്‍ ജഡ്ജിമാരും പത്രങ്ങളും കുരുക്ക് മുറുക്കി മുറുക്കി ചര്‍ച്ചയോട് ചര്‍ച്ചയായിരിക്കും. രാജ്യദ്രോഹം, കള്ളപ്പണം, പാക്കിസ്ഥാന്‍, എന്നിങ്ങനെ അത് കത്തിക്കയറി ഐസിസില്‍ വരെ എത്തിച്ചിട്ടുണ്ടാകും.
പക്ഷേ പ്രതി സംഘിയാണെങ്കില്‍ മഴു വെള്ളത്തിലിട്ട പോലെയാണ്. ഒരു ശബ്ദവുമില്ലാതെ അതങ്ങ് താഴ്ന്ന് പോകും. പ്രതി വേറെയാണെങ്കില്‍ റബ്ബര്‍ പന്തിട്ട പോലെയും. അത് പൊങ്ങിത്തന്നെ കിടക്കും. താഴ്ത്തിയാലും വീണ്ടും പൊങ്ങി വരും. ഈ രീതി കേരളത്തില്‍ ക്ലച്ച് പിടിച്ചതിനാല്‍ പോലീസിനും സന്തോഷം, മാധ്യമങ്ങള്‍ക്കും സന്തോഷം. പൊതുസമൂഹത്തിനും സന്തോഷം.
അതുകൊണ്ട് ആശംസയൊക്കെ ഇച്ചിരി കഴിഞ്ഞിട്ടാവാം..
ഉള്ളിക്കറി അടുപ്പത്ത് വെച്ച് പോന്നതാണ് ഞാന്‍. അത് വെന്തോന്ന് നോക്കട്ടെ ആദ്യം.’


error: Content is protected !!