Connect with us

Featured

അഫ്ഗാനിലെ ബാഗ്രാമില്‍ നിന്നും പിന്മാറി യു എസ് സേന

Published

on


ഖത്തറില്‍ വെച്ച് താലിബാനും ട്രംപ് ഭരണകൂടവും തമ്മില്‍ നടത്തിയ ചര്‍ച്ചയേയും കരാറിനേയും തുടര്‍ന്നാണ് അഫ്ഗാനില്‍ നിന്നും പിന്മാറ്റാന്‍ യു എസ് സേന തീരുമാനിച്ചത്.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്മാറി. കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന ബാഗ്രാം എയര്‍ഫീല്‍ഡില്‍ നിന്നാണ് യു എസ് സേന വേഗത്തില്‍ പിന്മാറ്റം നടത്തിയത്. സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് അമേരിക്കന്‍ സേന വേഗത്തില്‍ പിന്മാറാന്‍ തീരുമാനിച്ചത്.
ഖത്തറില്‍ വെച്ച് താലിബാനും ട്രംപ് ഭരണകൂടവും തമ്മില്‍ നടത്തിയ ചര്‍ച്ചയേയും കരാറിനേയും തുടര്‍ന്നാണ് അഫ്ഗാനില്‍ നിന്നും പിന്മാറ്റാന്‍ യു എസ് സേന തീരുമാനിച്ചത്. സെപ്തംബറോടെയാണ് പൂര്‍ണമായും പിന്മാറുമെന്ന് പറഞ്ഞതെങ്കിലും ജൂലൈ മാസത്തില്‍ തന്നെ അത് പൂര്‍ത്തിയാക്കാനാണ് നിലവിലുള്ള തീരുമാനം.
അമേരിക്കന്‍ സൈന്യം പിന്മാറിയാല്‍ അഫ്ഗാന്‍ തകരുമെന്ന അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. അമേരിക്കന്‍ സൈന്യം പിന്മാറ്റം തുടങ്ങിയതോടെ അഫ്ഗാനിസ്ഥാനിസ്ഥാനിലെ കാല്‍ഭാഗം ജില്ലകളും താലിബാന്‍ കൈവശപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റമാണ് ബാഗ്രാം എയര്‍ ഫീല്‍ഡില്‍ നിന്നുമുണ്ടായത്. കാബൂളിലെ സഖ്യആസ്ഥാനം മാത്രമാണ് ഇനി അഫ്ഗാനില്‍ അമേരിക്കന്‍ സൈനിക ഔട്ട്‌പോസ്റ്റായി നിലവിലുള്ളത്. ഇവിടെ നിരവധി സൈനികരുണ്ട്.
അല്‍ഖയ്ദയുടെ 9/11 ആക്രമണത്തിന് ശേഷമാണ് താലിബാനേയും അല്‍ഖയ്ദയേയും ഇല്ലാതാക്കാന്‍ അമേരിക്കന്‍ സൈനിക കേന്ദ്രം ബാഗ്രാമില്‍ ആരംഭിച്ചത്. എയര്‍ബേസ് പൂര്‍ണമായും അഫ്ഗാന്‍ ദേശീയ പ്രതിരോധ സുരക്ഷാ സേനയ്ക്ക് കൈമാറും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് നല്കിയിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബേസ് ഔദ്യോഗികമായി ശനിയാഴ്ച കൈമാറുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു എസിന്റെ അഫ്ഗാനിലെ ഉന്നത കമാന്റര്‍ ജനറല്‍ ഓസ്റ്റിന്‍ എസ് മില്ലര്‍ തത്ക്കാലം അഫ്ഗാനില്‍ തന്നെ തുടരുന്നുണ്ട്. അവസാന പട്ടാളക്കാരന്‍ എപ്പോഴാണ് മടങ്ങുകയെന്ന വിവരം സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിടാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വഹിക്കുന്നത് തുര്‍ക്കിഷ്, യു എസ് പട്ടാളമാണ്.


error: Content is protected !!