അല്‍ അത്തിയക്കും ഡെല്‍ഫിനോയ്ക്കും എഫ്‌ഐഎ മിഡില്‍ ഈസ്റ്റ് ബജാ കപ്പ് കിരീടം

Web Desk

ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ബജയുടെ 2026 പതിപ്പില്‍ സമഗ്രവിജയം സ്വന്തമാക്കി ഖത്തറിന്റെ നാസര്‍ സാലിഹ് അല്‍ അത്തിയയും ഫ്രഞ്ച് സഹഡ്രൈവര്‍ മാക്‌സ് ഡെല്‍ഫിനോയും എഫ്‌ഐഎ മിഡില്‍ ഈസ്റ്റ് ബജാ കപ്പ് കിരീടങ്ങള്‍ ഉറപ്പിച്ചു. ശനിയാഴ്ച ഖത്തറിന്റെ തെക്കന്‍ മരുഭൂമികളില്‍ നടന്ന മത്സരത്തിലാണ് ഇരുവരും ചരിത്രവിജയം കുറിച്ചത്.

city exchange

അവസാന ദിനത്തില്‍ 6 മിനിറ്റ് 15.3 സെക്കന്‍ഡിന്റെ ലീഡ് നിലനിര്‍ത്തുകയായിരുന്നു അല്‍ അത്തിയയുടെ ലക്ഷ്യം. എഫ്‌ഐഎ വേള്‍ഡ് ബജാ കപ്പ് കിരീടത്തിനായി മത്സരിക്കുന്ന ഫ്രാന്‍സിസ്‌കോ ബാരേറ്റോയും സഹഡ്രൈവര്‍ പൗലോ ഫിയൂസയുമായിരുന്നു പ്രധാന എതിരാളികള്‍. ആദ്യ ചെക്ക് പോയിന്റുകള്‍ പിന്നിട്ടതോടെ അല്‍ അത്തിയ ലീഡ് കൂടുതല്‍ വര്‍ധിപ്പിച്ചു.

മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അല്‍ അത്തിയ 29 മിനിറ്റ് 8.7 സെക്കന്‍ഡിന്റെ വ്യക്തമായ വ്യത്യാസത്തിലാണ് വിജയിച്ചത്. 2004 മുതല്‍ നടക്കുന്ന ഖത്തര്‍ ഓഫ്റോഡ് മത്സരത്തില്‍ ഇത് അദ്ദേഹത്തിന്റെ പതിമൂന്നാം കിരീടമാണ്. 2023നുശേഷമുള്ള ആദ്യ വിജയവുമാണിത്. ആദ്യമായാണ് അദ്ദേഹം മിഡില്‍ ഈസ്റ്റ് ബജാ കപ്പ് കിരീടം സ്വന്തമാക്കുന്നത്. അവസാന ഘട്ടത്തില്‍ നാവിഗേഷന്‍ പിഴവുകളെത്തുടര്‍ന്ന് 18 മിനിറ്റിലേറെ നഷ്ടമായെങ്കിലും ബാരേറ്റോ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

‘പതിമൂന്നാം വിജയം എന്നത് ഇന്നത്തെ ഭാഗ്യനമ്പറാണ്. ഇത്തവണത്തെ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. ബജാ മത്സരങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്റ്റേജുകളാണ് ഇത്തവണ ഉണ്ടായിരുന്നത്. ഇന്നലത്തെ റൂട്ട് ഡാകാര്‍ ക്രോസ് കണ്‍ട്രി സ്റ്റേജിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഇന്ന് 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെയായിരുന്നു മത്സരം. ടയറുകള്‍ സംരക്ഷിക്കേണ്ടത് പ്രധാനമായിരുന്നു. മികച്ച രീതിയില്‍ മത്സരം നിയന്ത്രിച്ച് വിജയിക്കാനായി. ഈ വര്‍ഷം രണ്ട് മിഡില്‍ ഈസ്റ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി. ആദ്യമായാണ് ബജാ കപ്പില്‍ മത്സരിക്കുന്നത്. മുമ്പ് വേള്‍ഡ് കപ്പിലായിരുന്നു പങ്കെടുത്തിരുന്നത്,” അല്‍ അത്തിയ പറഞ്ഞു.

- Advertisement -
Ad image

അടുത്തയാഴ്ച ദുബായിലും തുടര്‍ന്ന് ജിദ്ദയിലും മത്സരിക്കുമെന്നും ഈ മാസം അവസാനത്തോടെ അബുദാബി ഡെസേര്‍ട്ട് ചലഞ്ചിലും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പോളണ്ടിന്റെ കോണ്‍റാഡ് ഡാബ്രോവ്‌സ്‌കി നാലാം തവണയും കിരീടം നേടി ചരിത്രം കുറിച്ചു. 2022, 2023, 2025, 2026 വര്‍ഷങ്ങളിലാണ് അദ്ദേഹം ഖത്തര്‍ ഇന്റര്‍നാഷണല്‍ ബജയില്‍ വിജയിച്ചത്. ഇതോടെ 2012, 2013, 2015 വര്‍ഷങ്ങളില്‍ മൂന്ന് തവണ വിജയിച്ച സ്‌പെയിനിന്റെ മാര്‍ക് കോമയുടെ റെക്കോര്‍ഡും മറികടന്നു.

പ്രൊലോഗ് ഘട്ടം മുതല്‍ ലീഡ് നിലനിര്‍ത്തിയ ഡാബ്രോവ്‌സ്‌കി 5 മിനിറ്റ് 12 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിജയം നേടിയത്. യമഹയില്‍ മത്സരിച്ച യുഎഇ താരം ഖലീഫ അല്‍ ബസ്താക്കി ക്വാഡ് വിഭാഗത്തില്‍ ഒന്നാമതെത്തി.

”എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായിരുന്നു. വഴിതെറ്റാതിരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. മണല്‍ക്കുന്നുകള്‍ എത്തുന്നതുവരെ മുന്നില്‍ തുടരാനായിരുന്നു പദ്ധതി. പിന്നീട് അലക്‌സ് മക്ഇന്നസും റൊമെയ്ന്‍ ഡുമോണ്ടിയറും എന്നോടൊപ്പം ചേര്‍ന്നു. അവരോടൊപ്പം സഞ്ചരിച്ചത് സുരക്ഷിതമായിരുന്നു. തുടര്‍ച്ചയായ നാലാം വിജയമാണിത്. ഖത്തറില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. മണല്‍ക്കുന്നുകള്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ചൂടും ശാരീരികക്ഷമതയെ പരീക്ഷിച്ചു. എങ്കിലും മത്സരം ആസ്വദിച്ചു,” ഡാബ്രോവ്‌സ്‌കി പറഞ്ഞു.

കാര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും എഫ്‌ഐഎ വേള്‍ഡ് ബജാ കപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ബാരേറ്റോയ്ക്ക് കഴിഞ്ഞു. അടുത്ത വാരാന്ത്യത്തില്‍ യു എ ഇയില്‍ നടക്കുന്ന അവസാന റൗണ്ടിലേക്ക് മുന്‍തൂക്കവുമായാണ് അദ്ദേഹം കടക്കുന്നത്.

എസ് വി ആര്‍ ടൊയോട്ട ഹൈലക്‌സ് ഐഎംടി ഐവോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബാരേറ്റോ മൂന്നാം സ്ഥാനക്കാരായ അബ്ദുല്‍ അസീസ് അല്‍ കുവാരിയെയും ഒറിയോള്‍ മേനയെയും 9 മിനിറ്റ് 28.8 സെക്കന്‍ഡിന് പിന്നിലാക്കി. ക്യു എം എം എഫ് പിന്തുണയുള്ള കാനം ചാലഞ്ചര്‍ വാഹനത്തിലായിരുന്നു അല്‍ കുവാരിയുടെ മത്സരം. ചാലഞ്ചര്‍ വിഭാഗത്തിലും ഇരുവരാണ് വിജയിച്ചത്.

‘എഫ്‌ഐഎ വേള്‍ഡ് ബജാ കപ്പില്‍ ഒന്നാമതെത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. വാരാന്ത്യത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു ഇന്നത്തേത്. പ്രത്യേകിച്ച് അവസാന 70 കിലോമീറ്ററിലെ മണല്‍ക്കുന്നുകളിലൂടെയുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു. ചിലയിടങ്ങളില്‍ വഴിതെറ്റിയതോടെ സമയം നഷ്ടമായി. എങ്കിലും രണ്ടാം സ്ഥാനം നിലനിര്‍ത്താനായി,’ ബാരേറ്റോ പറഞ്ഞു.

ഖത്തറിന്റെ ഖലീഫ സാലിഹ് അല്‍ അത്തിയയും ഫ്രഞ്ച് താരം സ്റ്റെഫാന്‍ ഡ്യൂപ്ലെയും നാലാം സ്ഥാനത്തെത്തി. ഫ്രഞ്ച് പിതാവും മകളും ലയണലും ലൂസി ബോഡും അഞ്ചാം സ്ഥാനം നേടി. എക്‌സ്-റെയ്ഡ് മിനി ജെസിഡബ്ല്യുറാലിയിലായിരുന്നു ഇവരുടെ മത്സരം.

വെള്ളിയാഴ്ച മികച്ച പ്രകടനം നടത്തിയിരുന്ന അലിയ്യ കൊലോക്കിന് സമയപിഴകള്‍ തിരിച്ചടിയായി. സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് രണ്ടാം സ്റ്റേജില്‍ അവര്‍ക്ക് മുന്നേറാനായില്ല. പിതാവ് മാര്‍ട്ടിനും സഹഡ്രൈവര്‍ ഹ്യൂഗോ മഗല്‍ഹായേസും ആറാം സ്ഥാനത്തെത്തി.

സെഞ്ച്വറി സിആര്‍6 വാഹനത്തില്‍ മത്സരിച്ച അഹമ്മദ് അല്‍ ഷാമി ഏഴാം സ്ഥാനത്തെത്തി. അര്‍ജന്റീന ആസ്ഥാനമായി മത്സരിക്കുന്ന ഫെര്‍ണാണ്ടോ അല്‍വാരസും സേവ്യര്‍ പാന്‍സേരിയും കാന്‍- ആം മാവെറിക്ക് ആര്‍ല്‍ എട്ടാം സ്ഥാനവും എസ് എസ് വി വിഭാഗത്തിലെ വിജയവും സ്വന്തമാക്കി. ക്യു എം എം എഫ് താരം നൗഫ് അല്‍ സുവൈദി ഒമ്പതാം സ്ഥാനത്തെത്തി. ഖാലിദ് അല്‍ ജഫ്ല പത്താം സ്ഥാനവും വിലപ്പെട്ട വേള്‍ഡ് കപ്പ് പോയിന്റുകളും നേടി.

ഘാനിം അല്‍ അത്തിയയുടെ രാജ്യാന്തര അരങ്ങേറ്റം പതിനൊന്നാം സ്ഥാനത്തോടെ ശ്രദ്ധേയമായി. ദക്ഷിണാഫ്രിക്കയുടെ സൗദ് വരിയാവ പന്ത്രണ്ടാം സ്ഥാനത്തെത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!