

ദമസ്‌കസ്: ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് അലപ്പോ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിയതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ലതാകിയയുടെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലിന്റെ ദിശയില്‍ നിന്ന് അലപ്പോ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളപായമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

സിറിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ അധികൃതരില്‍ നിന്നും റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ദമസ്‌കസ്, അലപ്പോ വിമാനത്താവളങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ സിറിയയുടെ സര്‍ക്കാര്‍ നിയന്ത്രിത ഭാഗങ്ങളിലുള്ള ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ നൂറുകണക്കിന് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇസ്രായേല്‍ ഇക്കാര്യം അംഗീകരിക്കാറില്ല.
സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ വ്യാപക നാശം നേരിട്ട അലപ്പോയില്‍ കഴിഞ്ഞ മാസം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. നിരവധി രാജ്യങ്ങളുടെ സഹായങ്ങള്‍ വരുന്ന വിമാനത്താവളമാണ് അലപ്പോ.
സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഫെബ്രുവരി 19ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ സ്റ്റേറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി രണ്ടിനും തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ സൈന്യം മിസൈലുകള്‍ തൊടുത്തുവിടുകയും രണ്ട് സൈനികരെ കൊല്ലുകയും ചെയ്തുവെന്ന് സിറിയന്‍ സൈന്യം പറഞ്ഞു. ഇറാന്റെ ആയുധങ്ങള്‍ രാജ്യത്തേക്ക് എത്തിക്കാന്‍ ദമസ്‌കസ് വിമാനത്താവളം ഉപയോഗിക്കപ്പെടുമെന്ന ഇസ്രയേലിന്റെ ആശങ്കയ്ക്കിടയിലായിരുന്നു ആക്രമണം.

