
കോഴിക്കോട്: നിയമ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ലോ കോളേജുകള്‍ക്ക് നല്‍കുന്ന ആള്‍ ഇന്ത്യാ സോഷ്യല്‍ വര്‍ക്ക് എക്‌സലന്‍സി അവാര്‍ഡ് 2025 മര്‍കസ് ലോ കോളേജിന്. രാജ്യത്തെ എഴുപതിലധികം ലോ കോളേജുകളിലെ ലീഗല്‍ എയ്ഡ് കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എറണാകുളം ആസ്ഥാനമായ ജനിക ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കിയത്.

ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളുടെ വ്യക്തിഗത ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ഉന്നതികളിലെ പഠനം മുടങ്ങിയ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കൂളില്‍ തിരികെ എത്തിക്കല്‍, ഗാര്‍ഹിക പീഡന കേസുകളിലെ ഇരകള്‍ക്കുള്ള നിയമ സഹായം, ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ചുള്ള നിയമ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ചത്.

ഗവണ്‍മെന്റ് ലോ കോളേജ് എറണാകുളം, ഐ സി എഫ് ഐ ലോ കോളേജ് ഹൈദരാബാദ് എന്നിവക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് വിജു എബ്രഹാമില്‍ നിന്നും മര്‍ക്കസ് ലോ കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഇ അബ്ദുല്‍ സമദ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ റഊഫ് വി കെ, ലീഗല്‍ എയ്ഡ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ജിന്‍ഷിയ ഇ കെ, സ്റ്റുഡന്‍സ് കോഡിനേറ്റര്‍മാര്‍ ഖദീജ ലിയാന ബ്രാന്‍, അഫ്ത്താബ് എന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ജസ്റ്റിസ് ശ്യാം കുമാര്‍ വി എം, ജസ്റ്റിസ് ഗോപിനാഥ് പി, ചിറ്റിലപ്പള്ളി ഫ്ൗണ്ടേഷന്‍ ഡയറക്ടര്‍ വി ജയരാജ്, ജനിക ഫൗണ്ടേഷന്‍ സ്ഥാപക അഡ്വ. ടീന ചെറിയാന്‍ എന്നിവര്‍ സംബന്ധിച്ചു.

