

കൊച്ചി: കൗമാരകലകള്‍ വസന്തം വിടര്‍ത്തിയ 25-ാം മത് അഖില കേരള ഭവന്‍സ് കലോത്സവം (കാറ്റഗറി 5) രജതധ്വനി എരൂര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ അരങ്ങേറി. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ആതിഥ്യമരുളിയ കലോത്സവം സംഗീതസംവിധായകനും ഗായകനുമായ ബിജിബാല്‍ മണിയില്‍ ഉദ്ഘാടനം ചെയ്തു.

ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ചെയര്‍മാന്‍ സി എ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ രാമന്‍കുട്ടി ആമുഖപ്രസംഗം നടത്തി. പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ മീന വിശ്വനാഥന്‍, പി ടി എ വൈസ് പ്രസിഡന്റ് രജനികാന്ത് സി എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ പാര്‍വതി ഇ സ്വാഗതവും അസിസ്റ്റന്റ് വൈസ് പ്രിന്‍സിപ്പാള്‍ ജിജിത വി ജി നന്ദിയും പറഞ്ഞു.

17 വേദികളിലായി നടന്ന 23 മത്സര ഇനങ്ങളില്‍ ഭാരതീയ വിദ്യാഭവന്റെ കീഴില്‍ കേരളത്തിലുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ കിരീടം കരസ്ഥമാക്കി. എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പായി. ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലെ വിശാല്‍ എസ് ജെ ഭവന്‍സ് പ്രതിഭാ പുരസ്‌ക്കാരവും എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ രേവതി നാരായണ്‍ ഭവന്‍സ് ജ്യോതി പുരസ്‌ക്കാരവും നേടി.
കാറ്റഗറി 1 മുതല്‍ കാറ്റഗറി 4 വരെയുള്ള വിഭാഗങ്ങളിലെയും കാറ്റഗറി 1 മുതല്‍ കാറ്റഗറി 5 വരെയുള്ള വിഭാഗങ്ങളിലെയും മത്സരങ്ങളില്‍ കിരീടം നേടി കാക്കനാട് ഭവന്‍സ് ആദര്‍ശവിദ്യാലയ വിജയത്തിളക്കത്തിന് മാറ്റുകൂട്ടി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ രാമന്‍കുട്ടി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ 28ന് ആരംഭിച്ച ഭവന്‍സ് കലോത്സവത്തിന്റെ മറ്റു കാറ്റഗറി മത്സരങ്ങള്‍ ഭാരതീയ വിദ്യാഭവന്റെ വിവിധ കേന്ദ്രങ്ങളിലാണ് നടന്നത്. കൊച്ചി കേന്ദ്രയില്‍ നടന്ന രജതധ്വനിയോടെ 25-ാമത് ഭവന്‍സ് ഫെസ്റ്റ് സമാപിച്ചു.

