

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ കേരള ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ നവരത്‌ന കോണ്‍ഫറന്‍സ് സീസണ്‍ 4 സംഘടിപ്പിച്ചു. എറണാകുളം ബ്രാഞ്ച് ആതിഥേയത്വം വഹിച്ചു.

കേരളത്തിലെ ഒന്‍പത് ബ്രാഞ്ചുകളും ചേരുന്നതാണ് നവരത്‌ന. കോവിഡ് കാലത്ത് ആരംഭിച്ച നവരത്‌ന കോണ്‍ഫറന്‍സുകള്‍ ഇതുവരെ ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിരുന്നത്. ആദ്യമായാണ് സമ്മേളനം നേരില്‍ നടത്തുന്നത്.

രണ്ടു ദിവസങ്ങളിലായി റിനൈ കൊച്ചിയില്‍ നടക്കുന്ന സമ്മേളനം എസ് എ ആര്‍ സി ചെയര്‍മാന്‍ പന്നരാജ് എസ് ഉദ്ഘാടനം ചെയ്തു. ഐ സി എ ഐ ഡല്‍ഹി സെല്‍ട്രല്‍ കൗണ്‍സില്‍ അംഗം ശ്രീപ്രിയ കെ മുഖ്യപ്രഭാഷണം നടത്തി.
ഒന്നിച്ചു നിന്നാല്‍ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനും വിജയിക്കാനും സാധിക്കുമെന്ന് പന്നരാജ് എസ് പറഞ്ഞു. വളര്‍ച്ചയെന്നതിനെ വികസനമെന്ന് വിളിക്കാമെങ്കിലും അതൊരു അവസാനമല്ല. ഇന്ത്യയുടെ വളര്‍ച്ച ഒരു വശത്ത് അത്ഭുതപ്പെടുത്തുന്നതാണെങ്കിലും പട്ടിണിപ്പട്ടികയില്‍ നൂറിനു മുകളിലാണ് ഇന്ത്യയുടെ റാങ്കിംഗെന്നത് മറുവശത്ത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എല്ലായ്‌പോഴും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണമെന്നും അതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ശ്രീപ്രിയ പറഞ്ഞു.
ഇന്ത്യയില്‍ ഡിജിറ്റല്‍ ഉപയോഗം അത്ഭുതകരമായി വര്‍ധിക്കുകയും എല്ലാ കാര്യങ്ങളും മൊബൈലിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. സ്വകാര്യ മേഖലകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനേക്കാള്‍ വേഗതയില്‍ സര്‍ക്കാര്‍ മേഖലകള്‍ ഡിജിറ്റലൈസ് ചെയ്യപ്പെട്ട അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവര്‍ പറഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം എം എസ് എം ഇകള്‍ കൂടുതല്‍ വലുതാകുമെന്നും അവര്‍ വിശദമാക്കി.
പി സതീശന്‍ ആമുഖ പ്രഭാഷണം നടത്തി. എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്‌സണ്‍ ദീപ വര്‍ഗ്ഗീസ് സ്വാഗതവും ആനന്ദ് എ എസ് നന്ദിയും പറഞ്ഞു.
ആദ്യ ദിവസം കമാല്‍ ഗാര്‍ഗ് ന്യൂഡല്‍ഹി, ഗണേഷ് പ്രഭു ബി ചെന്നൈ, ആനന്ദ് പി ജംഗിന്ദ് ബെംഗളൂരു, പി ജി സുബ്രമണിയന്‍ ബെംഗളൂരു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
രണ്ടാം ദിനത്തില്‍ ഗിരീഷ് അഹൂജ ന്യൂഡല്‍ഹി, ചിന്നസാമി ഗണേശന്‍ ചെന്നൈ, നിപുണ്‍ സിംഗ്‌വി അഹമ്മദാബാദ്, ജോമോന്‍ കെ ജോര്‍ജ്ജ് എറണാകുളം എന്നിവര്‍ സംസാരിക്കും.

