

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യാഴാഴ്ച രാവിലെ അല്‍-വജ്ബ പ്രാര്‍ഥനാ മൈതാനത്ത് മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന നിര്‍വഹിച്ചു. പ്രവാചകന്‍ മുഹമ്മദിന്റെ സുന്നത്തിന്റെ ഭാഗമായി ദൈവത്തോടുള്ള പ്രാര്‍ഥനയാണ് മഴയ്ക്കു വേണ്ടി നിര്‍വഹിക്കുന്നത്.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി പ്രമുഖരും മന്ത്രിമാരും പൗരന്മാരും പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു.


കാസേഷന്‍ കോടതിയിലെ ജഡ്ജിയും ജുഡീഷ്യല്‍ സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരി മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി.തുടര്‍ന്ന് നടത്തിയ പ്രഭാഷണത്തില്‍ സര്‍വ്വശക്തനായ ദൈവത്തോട് പാപമോചനത്തിനും മഴയ്ക്കും അപേക്ഷിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു. മഴ പെയ്യാനുള്ള കാരണങ്ങളിലൊന്നായ ധര്‍മനിഷ്ഠ വര്‍ധിപ്പിക്കാനും ഡോ. അല്‍ ഷമ്മാരി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

