

ദോഹ: അറബ് സുരക്ഷയ്ക്കുള്ള പ്രിന്‍സ് നായിഫ് മെഡല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ലഭിച്ചു. അമീറിന് വേണ്ടി ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അലി കോമാനില്‍ നിന്നും ഏറ്റുവാങ്ങി.


സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതില്‍ ജ്ഞാനപൂര്‍വമായ നയം, സംയുക്ത അറബ് സുരക്ഷാ ശ്രമങ്ങള്‍ക്കുള്ള അചഞ്ചലമായ പിന്തുണ, 2022ലെ ഫിഫ ലോകകപ്പ് ഖത്തര്‍ ഉറപ്പാക്കുന്നതില്‍ ഖത്തര്‍ കൈവരിച്ച മികച്ച വിജയത്തിനും അറബ്, ഇസ്ലാമിക സാംസ്‌കാരിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും അംഗീകാരമായാണ് പുരസ്‌ക്കാരം ലഭിച്ചത്.

ടുണീഷ്യയില്‍ നടന്ന 40-ാമത് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലിലാണ് അറബ് ആഭ്യന്തര മന്ത്രിമാര്‍ ഖത്തര്‍ അമീറിന് അറബ് സുരക്ഷയ്ക്കുള്ള പ്രിന്‍സ് നായിഫ് മെഡല്‍ നല്‍കാന്‍ തീരുമാനിച്ചത്.

