

ന്യൂഡല്‍ഹി: അങ്കമാലി- ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് അങ്കമാലി-ശബരി പാത തീരുമാനത്തിലെത്തിയത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും റെയില്‍വേ മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം അടുത്ത ദിവസം കേരളത്തിലെത്തും. ശബരി പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായ് മാസത്തില്‍ ആരംഭിക്കാനാണ് ധാരണ. കേരളത്തിലെ റെയില്‍വേയുടെ മൂന്ന്, നാല് പാതകളുടെ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.

അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് 1997- 98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട ശബരി പാത. എട്ട് കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുകയും അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കിലോമീറ്റര്‍ നിര്‍മ്മാണം നടക്കുകയും ചെയ്തിട്ടുണ്ട്.
