

ദോഹ: കെ സുധാകരനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കെ പി സി സി പ്രസിഡന്റിനെതിരെ കള്ളക്കേസുണ്ടാക്കി വേട്ടയാടുന്ന പിണറായി വിജയന്റെ നടപടി അദ്ദേഹത്തിന്റെ ഭയത്തില്‍ നിന്നും ഉണ്ടായതാണെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി.

പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് എന്നത് മനസ്സിലാകുമെന്നും അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും ഒ ഐ സി സി ഇന്‍കാസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍ നോക്കേണ്ടതില്ല. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദന്‍ മാഷും മൂഢന്മാരുടെസ്വര്‍ഗ്ഗത്തിലാണ്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനും നടപ്പാക്കുന്നത്. ഒരു ഭാഗത്ത് പാര്‍ട്ടി ക്രിമിനലുകള്‍ പൊലീസിന്റെ മുന്നിലുടെ തലങ്ങും വിലങ്ങും വിലസുമ്പോള്‍ പൊലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. പൊലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്.
സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി വിശദമാക്കി.
പ്രതിഷേധ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിബു ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് റാഫി കൊട്ടിയം, കോടിയാട്ട് രഞ്ജിത്ത്, നൗഷാദ് കരുനാഗപ്പള്ളി, ജോസ് ചവറ ബിനോയ് തോമസ്, ജെസ്സിന്‍ കരുനാഗപ്പള്ളി, ബ്രൂണോ വിക്ടര്‍ കൊല്ലം, സെന്‍ട്രല്‍ കമ്മിറ്റി അംഗം അനില്‍ പി ജി എന്നിവര്‍ സംസാരിച്ചു.

