ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ഐ സി എഫ്; മൂന്ന് കോടിയുടെ ‘രിഫാഈ കെയര്‍’ പദ്ധതി

Web Desk
1 Min Read

ജിദ്ദ: ഓട്ടിസം/ സെറിബ്രല്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിന് ഐ സി എഫ് ‘രിഫാഈ കെയര്‍’ എന്ന പേരില്‍ വിപുലമായ പദ്ധതി നടപ്പിലാക്കുന്നു. കേരളത്തില്‍ ജന്മനാ അവശതകള്‍ നേരിടുന്ന നിരവധി കുട്ടികള്‍ക്ക് ആവശ്യമായ പരിചരണവും സഹായ സംവിധാനങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഐ സി എഫ് ഈ കാരുണ്യ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

city exchange

സാമ്പത്തികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന ആയിരം കുടുംബങ്ങളെ ലക്ഷ്യമിട്ട് മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം വര്‍ഷത്തില്‍ 30,000 രൂപയുടെ ധനസഹായമാണ് എത്തിക്കുന്നത്.

കൂടാതെ പ്രവാസികളുടെ കുടുംബക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘ഐ സി എഫ് കെയര്‍’ എന്ന പേരില്‍ മറ്റൊരു പദ്ധതിയും സംഘടന നടപ്പിലാക്കുന്നു. മാരക രോഗങ്ങള്‍ മൂലമോ അകാല മരണം മൂലമോ ദുരിതത്തിലാകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി ആശ്വാസമേകുന്നു. രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായമായി മൂന്ന് ലക്ഷം രൂപ വരെയും മരണം സംഭവിച്ച കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും ഈ സ്‌കീമിലൂടെ നല്‍കി വരുന്നു. സഹജീവികള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഐ സി എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം, നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എ ആര്‍ നഗര്‍, നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, പി ആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അഷ്റഫലി എം കെ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!