20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍

Web Desk
5 Min Read

2026- 27ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത് 28 പദ്ധതികള്‍

കോയമ്പത്തൂരിലും ദുബായിയിലും പദ്ധതികള്‍

കൊച്ചി: അസറ്റ് ഹോംസ് 20-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി 2026-27 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വമ്പന്‍ പദ്ധതികള്‍ അസറ്റ് ഹോംസ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ബിസിനസ് വികസനത്തിനൊപ്പം പ്രീമിയം ലക്ഷ്വറി പദ്ധതികള്‍, സുസ്ഥിര വികസനം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, കാര്യക്ഷമമായ മൂലധന നിക്ഷേപങ്ങള്‍ എന്നിവയില്‍ ഊന്നി് മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്കു കൂടി പ്രാധാന്യം നല്‍കുന്നതിനാകും ഇനിയുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സ്ഥാപകനും എം ഡിയുമായ സുനില്‍ കുമാര്‍ വി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

city exchange

നിര്‍മിത പദ്ധതികളുടെ വിസ്തൃതി, നിര്‍മാണം പൂര്‍ത്തീകരിച്ച പാര്‍പ്പിട യൂണിറ്റുകളുടേയും റെറ അനുമതി ലഭിച്ച പദ്ധതികളുടേയും വിറ്റഴിച്ച യൂണിറ്റുകളുടേയും എണ്ണം, വിറ്റുവരവ് എന്നിവ കണക്കിലെടുത്താല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ നമ്പര്‍ വണ്‍ ബില്‍ഡറാകാന്‍ കഴിഞ്ഞുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൊത്തം 3821 പാര്‍പ്പിട യൂണിറ്റുകളടങ്ങുന്ന 28 പദ്ധതികള്‍ 2026- 27 സാമ്പത്തിക വര്‍ഷം പുതുതായി നിര്‍മാണമാരംഭിക്കുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഈ പദ്ധതികളിലായി 5100 കോടി രൂപ മതിക്കുന്ന 55 ലക്ഷം ചതുരശ്ര അടി നിര്‍മാണമാണ് അസറ്റ് ഹോംസ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളുള്‍പ്പെടെ പ്രധാന നഗരകേന്ദ്രങ്ങളിലും പുതുതായി ഉയര്‍ന്നു വരുന്ന വിപണിമേഖലകളിലുമാകും പുതിയ പദ്ധതികള്‍.

അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതിയായ എറൗണ്ട് ദി ട്രീയുടെ ശിലാസ്ഥാപനം മെയ് 8ന് തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ നടക്കുമെന്നും ഈ സാമ്പത്തികവര്‍ഷം തന്നെ മൊത്തം പദ്ധതികളുടെ എണ്ണം 150 കടക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

- Advertisement -
Ad image

ഈ സാമ്പത്തികവര്‍ഷം തന്നെ മൊത്തം 10 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്‍പ്പെടുന്ന എട്ടിലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കി 600ലേറെ വരുന്ന ഉടമകള്‍ക്ക് കൈമാറും.

ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാന പ്രഖ്യാപനം കോഴിക്കോട് ബീച്ചില്‍ അസറ്റ് ഹോംസ് നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട പദ്ധതിയുടേതാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 63 നിലയില്‍ പണിതുയരുന്ന ഈ പദ്ധതി ലാര്‍ജ്- ഫോര്‍മാറ്റ് വെര്‍ട്ടിക്കല്‍ ലിവിംഗില്‍ അസറ്റ് ഹോംസിനുള്ള നേതൃസ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാകും.

20-ാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ബില്‍ഡര്‍ എന്ന നിലയില്‍ നിന്ന് ഉന്നത നിലവാരമുള്ള അസറ്റ് കുടുംബങ്ങളുടെ സ്രഷ്ടാവ്, നാഗരിക സൗകര്യങ്ങളുടെ വിശ്വസ്ത ദാതാവ് എന്നീ നിലകളിലാണ് അസറ്റ് ഹോംസ് സ്വയം കാണുന്നതെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാവി വലിപ്പം കൊണ്ടു മാത്രമല്ല ദീര്‍ഘകാല മൂല്യം കൂടി കണക്കിലെടുത്താകും ഇനിമേല്‍ നിര്‍വചിക്കപ്പെടുക. രൂപകല്‍പ്പനാ മികവ്, സുസ്ഥിരത, അച്ചടക്കമുള്ള നിര്‍മാണരീതി എന്നിവയാകും അതിന്റെ അളവുകോലുകള്‍.

വളര്‍ച്ചയോടുള്ള തങ്ങളുടെ സമീപനം ചിന്തിച്ചുറപ്പിച്ചതും തന്ത്രപരവുമായി തുടരുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക മുന്നേറ്റം, ഉപയോക്താക്കളുടെ ആഗ്രഹങ്ങള്‍ എന്നിവയും തങ്ങളുടെ വികസന കാഴ്ചപ്പാടുകളും ഒത്തിണങ്ങുന്ന വിപണികളിലേയ്ക്കുള്ള വികസനപദ്ധതികളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി കേരളത്തിന്റെ അതിര്‍ത്തി കടന്നുള്ള വികസനത്തിന്റെ വിശദാംശങ്ങളും കമ്പനി അധികൃതര്‍ പങ്കുവെച്ചു. കോയമ്പത്തൂരില്‍ നിര്‍മാണമാരംഭിക്കുന്ന പദ്ധതികള്‍ക്കു പുറമെ അസറ്റ് ഹോംസിന്റെ ദുബായ് പ്രവേശനവും ഇതിലുള്‍പ്പെടുന്നു.

ആഗോള വികസനം

ഈ സാമ്പത്തികവര്‍ഷം തന്നെ ദുബായില്‍ അഞ്ച് പാര്‍പ്പിട പദ്ധതികള്‍ നിര്‍മാണമാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അസറ്റ് ഹോംസ്. ദുബായ് സൗത്തിലാണ് അഫോഡബ്ള്‍ ലക്ഷ്വറി വിഭാഗത്തിലെ ആദ്യ രണ്ട് പദ്ധതികള്‍ വരുന്നത്.

അല്‍ ഫുര്‍ജാനിലെ രണ്ട് ആഡംബര പാര്‍പ്പിട പദ്ധതികള്‍, ദുബായ് ഐലന്‍ഡ്‌സിലെ അള്‍ട്രാ- പ്രീമിയം പദ്ധതി എന്നിവയാണ് നിര്‍മാണമാരംഭിക്കാന്‍ പോകുന്ന മറ്റ് മൂന്ന് പദ്ധതികള്‍. ആഗോള റിയല്‍ എസ്റ്റേറ്റ് മേഖല ഉറ്റുനോക്കുന്ന യു എ ഇയിലെ വളര്‍ച്ചാ മേഖലകളാണ് ഇവ.

തന്ത്രപരമായ എസ് പി വികള്‍, പങ്കാളിത്തങ്ങള്‍

മള്‍ട്ടിപ്ള്‍ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍, പങ്കാളിത്ത പദ്ധതികള്‍ എന്നിവകളിലൂടെയും അസറ്റ് ഹോംസ് അതിന്റെ പ്രീമിയം, ലക്ഷ്വറി പോര്‍ട്‌ഫോളിയോ ശക്തമാക്കാന്‍ ലക്ഷ്യമിടുന്നു. ആതിഥേയ മേഖലയിലെ മുന്‍നിര സാന്നിധ്യമായ സി ജി എച്ച് എര്‍ത്തുമായി ചേര്‍ന്ന് ആതിഥേയ സൗകര്യങ്ങളുള്ള ലിവിംഗ് അനുഭവമൊരുക്കാന്‍ ലക്ഷ്യമിടുന്ന അസറ്റ് ജെ ജി ടി ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്.

ഇതിനു പുറമെ കളമശ്ശേരിയില്‍ ടി സി എം ലിമിറ്റഡുമായി ചേര്‍ന്ന് 24 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനും അസറ്റ് ഹോംസ് തയ്യാറെടുക്കുകയാണ്. ഭാവികാല സംവിധാനങ്ങളുള്‍പ്പെടുന്ന സംയോജിത സൗകര്യങ്ങളുള്ള പദ്ധതിയാണ് അവിടെ വിഭാവനം ചെയ്യുന്നത്.

കാക്കാനാട് പലാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സെല്‍ഫി എന്ന പേരില്‍ ആഗോള പ്രസിദ്ധമായിക്കഴിഞ്ഞ സിംഗുലര്‍ ലിവിംഗ് എന്ന തങ്ങളുടെ ആശയം വിപുലീകരിക്കാനും കമ്പനി ഒരുങ്ങിക്കഴിഞ്ഞു. ആന്വൂറ്റി- എനേബ്ള്‍ഡ് ഹൈബ്രിഡ് പാര്‍പ്പിട മാതൃകകള്‍ യാഥാര്‍ഥ്യമാക്കുന്ന ഈ പദ്ധതിയില്‍ ഉടമകള്‍ക്ക് സ്ഥിരവരുമാനവും സീറോ മെയിന്റനന്‍സുമാണ് ലക്ഷ്യമിടുന്നത്.

കൊച്ചി നഗരഹൃദയത്തിലും കാക്കനാടും രണ്ട് വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ടുകൊണ്ട് സാന്റാ മോണിക്കാ ഗ്രൂപ്പുമായി ചേര്‍ന്ന് ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് മോഡലിലുള്ള പങ്കാളിത്തത്തിനും അസറ്റ് ഹോംസ് തയ്യാറെടുക്കുകയാണ്.

തന്ത്രപരമായ പങ്കാളിത്തങ്ങള്‍ അസറ്റ് ഹോംസിന്റെ വളര്‍ച്ചാ പദ്ധതിയുടെ പ്രധാന ഭാഗമായി തുടരുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. സീനിയര്‍ ലിവിംഗ് പദ്ധതികള്‍ക്കായി കൊളംബിയ പസഫിക് കമ്യൂണിറ്റീസ്, അള്‍ട്രാ- ലക്ഷ്വറി പദ്ധതികള്‍ക്കായി യു എസിലെ ടോറസ് ഹോള്‍ഡിംഗ്‌സ് എന്നിവയുമായിച്ചേര്‍ന്നുള്ള പങ്കാളിത്തങ്ങളുടെ തുടര്‍ച്ചയാണിത്.

വി കെ എല്‍ ഹോള്‍ഡിംഗ്‌സിന്റെ ഭാഗമായ അല്‍ നമാല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസുമായിച്ചേര്‍ന്ന് ലാര്‍ജ്- സ്‌കെയില്‍ മള്‍ട്ടി- യൂസ് ഉപയോഗങ്ങള്‍ക്കുള്ള വമ്പന്‍ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് സംയുക്തസംരഭവും അസറ്റ് ഹോംസ് തുടക്കമിട്ടു കഴിഞ്ഞു.

സുസ്ഥിരതയും സാങ്കേതിക മികവുകളും

അസറ്റ് ഹോംസിന്റെ വളര്‍ച്ചാ ലക്ഷ്യങ്ങളിലെ അടിസ്ഥാന ശിലകളിലൊന്നാകും സുസ്ഥിരതയെന്ന് സുനില്‍ കുമാര്‍ ആവര്‍ത്തിച്ചു. ഇന്ധന- കാര്യക്ഷമതാ സിസ്റ്റങ്ങള്‍, സൗരോര്‍ജം, നൂതന ജലമാനേജ്‌മെന്റ് സിസ്റ്റങ്ങള്‍, ഇ എസ് ജി- ബന്ധിത ആസൂത്രണം, നിര്‍മാണം എന്നിവയില്‍ ഊന്നുന്ന ദി ലീഫ്, ബന്യാന്‍ കോര്‍ട്ട്, പോയട്രീ, എറൗണ്ട് ദി ട്രീ എന്നീ പദ്ധതികള്‍ സുനില്‍ കുമാര്‍ ഉദാഹരിച്ചു.

ഡേറ്റാ- അധിഷ്ഠിത ആസൂത്രണം, എ ഐ-ബന്ധിത ഉപയോക്തൃ സേവനങ്ങള്‍, ഉപയോക്താക്കള്‍ക്ക് വിദൂരങ്ങളിലിരുന്നും സന്ദര്‍ശിക്കാവുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ മാതൃകകള്‍, അതിനൂതന നിര്‍മാണവിദ്യകള്‍ തുടങ്ങിയവയും കമ്പനി നടപ്പാക്കിക്കഴിഞ്ഞു. ഇവയിലൂടെ കാര്യക്ഷമത, സുതാര്യത, മികച്ച ഉപയോക്തൃ അനുഭവം എന്നിവ ഉറപ്പാക്കാനാവുന്നുവെന്ന് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

സി എസ് ആര്‍ പദ്ധതികള്‍

സാമൂഹ്യ ഉത്തരവാദിത്തിന്റെ ഭാഗമായി അസറ്റ് ഹോംസ് നടപ്പാക്കുന്ന അസറ്റ് ആഷിയാനാ പദ്ധതിയിലൂടെ വീടില്ലാത്ത 200 കുടുംബങ്ങള്‍ക്കാണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനി സൗജന്യമായി വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.

അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത ഗുണനിലവാരമുള്ള വീടുകളാണ് ഈ പദ്ധതിയിന്‍ കീഴില്‍ പൂര്‍ണമായും സൗജന്യമായി അസറ്റ് ഹോംസ് നിര്‍മിച്ചു നല്‍കുന്നത്. സന്നദ്ധ സംഘനടകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാകും ഇവയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

ഗ്ലോബല്‍ സ്ട്രാറ്റജിക് കൗണ്‍സില്‍

ഈ സാമ്പത്തികവര്‍ഷം ഉന്നതതല ഗ്ലോബല്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സ്ഥാപിക്കാനും അസറ്റ് ഹോംസ് തയ്യാറെടുക്കുന്നു. വളര്‍ച്ചയുടേയും ആഗോള വികസനത്തിന്റേയും അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്ന വേളയില്‍ തന്ത്രപരമായ വഴികാട്ടലിനും ഉപദേശങ്ങള്‍ക്കുമായാണ് പ്രമുഖ ബിസിനസ് ലീഡര്‍മാര്‍, നിക്ഷേപകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കൗണ്‍സില്‍ രൂപീകരിക്കുക.

Share This Article
Leave a Comment
error: Content is protected !!