
കോട്ടക്കല്‍: കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററായ ആസ്റ്റര്‍ എന്റിച്ച് മൂന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ഹരി പി എസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരും കുട്ടികളും രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി മുളന്തുരുത്തി അല കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച പ്രത്യേക സംവേദനാത്മക കഥപറച്ചില്‍ സെഷനും കുട്ടികളുടെ സര്‍ഗ്ഗാത്മകവും വിനോദപരവുമായ പരിപാടികളും അരങ്ങേറി.

കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍, സംസാര സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഓട്ടിസം, ശ്രദ്ധക്കുറവ്, പഠന വൈകല്യങ്ങള്‍ എന്നിവ തുടക്കത്തിലേ കണ്ടെത്തി തെറാപ്പികള്‍ നല്കുന്ന ആശുപത്രിയിലെ പ്രത്യേക ചികിത്സാ കേന്ദ്രമാണ് ആസ്റ്റര്‍ എന്റിച്ച് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍. സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ ഉള്‍പ്പെടുന്ന സംയോജിത പരിചരണ രീതിയാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. വളര്‍ച്ചാ വെല്ലുവിളികള്‍ എത്രയും നേരത്തെ കണ്ടെത്തി അനുയോജ്യമായ തെറാപ്പികള്‍ ആരംഭിക്കുന്നതിലൂടെ കുട്ടികളെ കൂടുതല്‍ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ സാധിക്കും എന്ന് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ മേധാവി ജിംസണ് ഇ ആര് പറഞ്ഞു.

സാമ്പത്തികമായി പരാധീനതകള്‍ മൂലം ആവശ്യമായ ചികിത്സ കുട്ടികള്‍ക്ക് നല്കാന് കഴിയാതെ പോകുന്ന രക്ഷിതാക്കള്‍ക്ക് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ചികിത്സ ഇളവുകള്‍ നല്‍കുന്നതാണെന്ന് സി എം എസ് ഡോ. ഹരി പി എസ് ചടങ്ങില്‍ പ്രഖ്യാപിച്ചു. വളര്‍ച്ചാ ഘട്ടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ പ്രയാസങ്ങളെ ശാസ്ത്രീയവും അനുഭാവപൂര്‍ണ്ണവുമായ സമീപനത്തിലൂടെ മറികടക്കാന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്റിച്ച് സെന്ററിന്റെ സേവനം വഴി നിരവധി കുടുംബങ്ങളിലേക്ക് സന്തോഷം തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു എന്നതും സമൂഹം നല്കിയ വലിയ വിശ്വാസ്യതയുമാണ് കൂടുതല്‍ ആധുനിക സംവിധാനങ്ങളോടെ മുന്നേറാന്‍ ഞങ്ങള്‍ക്ക് കരുത്ത് പകരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ബിനീഷ് ബാലചന്ദ്രന്, ഡോ. മുഹമ്മദ് റിഷാദ്, ഡോ. രാജേശ്വരി സി എം, സൈക്കിയാട്രി വിഭാഗം മേധാവി ഡോ. നിധീഷ് ശങ്കര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ശ്രീഹരി എം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിദഗ്ധ തെറാപ്പിയും ആവശ്യമായ പിന്തുണയും ഒരുക്കുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് മാനേജ്മെന്റ് വ്യക്തമാക്കി. വരുംദിവസങ്ങളിലും കുട്ടികളുടെ ശാരീരിക- മാനസിക വികാസത്തിന് ഊന്നല്‍ നല്കുന്ന ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ ഏകോപിതമായി തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

