
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഓട്ടം ഫെയര്‍ ജനുവരി 22 മുതല്‍ 31 വരെ സഖീറിലെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്‌റൈനില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക, അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഫെയറിന്റെ പ്രധാന ആകര്‍ഷണം. ഓട്ടം ഫെയറില്‍ ഉപഭോക്താക്കള്‍ക്കായി 10,000-ത്തിലധികം ഉത്പന്നങ്ങളാണ് ഒരുക്കുക. മേളയില്‍ 24ലധികം രാജ്യങ്ങളില്‍ നിന്നുള്ള 600ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. 2 ലക്ഷത്തിലധികം സന്ദര്‍ശകര്‍ മേള സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ.

ഈ വര്‍ഷത്തെ ഓട്ടം ഫെയറില്‍ പുതിയ പവലിയനുകള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇറക്കുമതി ഉത്പന്നങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ഭക്ഷണവിഭവങ്ങളുടെയും പ്രദര്‍ശനങ്ങള്‍, കുടുംബ സൗഹൃദ വിനോദ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്റെ 2, 3, 5, 6 ഹാളുകളില്‍ ദിവസേന രാവിലെ 10 മുതല്‍ രാത്രി 10 വരെ ആയിരിക്കും ഫെയര്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. എന്നാല്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

