
കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പത്ത് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ജാമ്യം.

ബാബു, സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ്, ലബീബ്, അബ്ദുല്‍ ഷാഹിദ്, ബഷീര്‍, റഷീദ്, സുല്‍ഫിക്കര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവക്കണം, തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കുകയോ അന്വേഷണത്തില്‍ ഇടപെടുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതികളെ ദീര്‍ഘകാലം ജയിലില്‍ അടക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. വിചാരണ നടപടികള്‍ക്ക് വേണ്ടി പ്രത്യേക കോടതി രൂപീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നീണ്ടുപോകാനുളള സാഹചര്യമുണ്ടെന്നും അതിനാന്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപാതയില്‍ വാഹനം തടഞ്ഞ് നിര്‍ത്തി മൂന്നരക്കോടി രൂപ കവര്‍ന്നുവെന്നാണ് കേസ്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ബാക്കി തുക കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു.
കവര്‍ച്ചയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത് വിവിധ വടക്കന്‍ ജില്ലകളില്‍ വെച്ചാണ്. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയില്‍ നിന്നും കേരളത്തിലെത്തിച്ച കള്ളപ്പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പതിനേഴ് കോടി രൂപ നേരിട്ടും 23 കോടി രൂപ കോഴിക്കോടുള്ള ഹവാല ഏജന്റുമാര്‍ വഴിയുമാണ് എത്തിച്ചതെന്നാണ് വിവരം.
മൂന്നാം സാക്ഷി ധനരാജിന്റെ നേതൃത്വത്തില്‍ എത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ കേസിലെ കള്ളപ്പണ ഇടപാട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആദയനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കത്ത് നല്‍കിയിട്ടുണ്ട്.

