

പെരുമ്പാവൂര്‍: ചേലക്കുളം കെ മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേലക്കുളം ജുമാ മസ്ജിദില്‍.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായി നാല് പതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഫ്തിയും പ്രസിഡന്റുമാണ്.

1936 ജനുവരി അഞ്ചിന് മരക്കാര്‍ കുഞ്ഞി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായി ചേലക്കുളത്താണ് ജനനം. കേരളത്തിലെ ഇസ്‌ലാം മത പണ്ഡിതരില്‍ പ്രധാനിയാണ് അദ്ദേഹം. വിവിധ ദര്‍സുകളിലും വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലും പഠിച്ചു. കാരിക്കോട്, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഫലാഹിയ, മഞ്ചേരി നജ്മുല്‍ ഹുദ, ജാമിഅ മന്നാനിയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തു.
ചേലക്കുളം അസാസുദ്ദഅവ വാഫി കോളേജ് ഇദ്ദേഹം സ്ഥാപിച്ചതാണ്
കെ എം ഈസാ മൗലവി, കാഞ്ഞാര്‍ ഹുസൈന്‍ മൗലാന, എന്‍ എം യൂസഫ് മൗലവി, തൊടുപ്പുഴ സൈദ് മുഹമ്മദ് മൗലവി, സി എ മൂസ മൗലവി തുടങ്ങിയ തെക്കന്‍ കേരളത്തിലെ വലിയ പണ്ഡിതരില്‍ പലരും ചേലക്കുളം കെ മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ ശിഷ്യന്മാരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റ് കാളമ്പാടി ഉസ്താദ്, മടവൂര്‍ സി എം വലിയുല്ല, വടുതല മൂസ മൗലാന, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എന്‍ കെ മുഹമ്മദ് മുസ്‌ലിയാര്‍, യു കെ ആറ്റക്കോയ തങ്ങള്‍, ചാലിയം അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ സഹപാഠികളാണ്.
തിരുവനന്തപുരത്തെ ആദ്യത്തെ വലിയ ഖാദി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവിയാണ്.
പ്രമുഖ മത പണ്ഡിതനായിരുന്ന പരേതനായ ഒ ബി തഖ് യുദ്ധീന്‍ ഫരീദുദ്ദീന്‍ മൗലവിയുടെ മകള്‍ നഫീസയാണ് ചേലക്കുളം ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവിയുടെ ഭാര്യ.

