

ബംഗളൂരു: ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ മരിച്ച നാലു മലയാളികളെയും തിരിച്ചറിഞ്ഞു.

തിരുവനന്തപുരം പ്രാവച്ചമ്പലം പ്ലാവൂര്‍കോണത്ത് പരേതനായ തങ്കപ്പന്‍ നായരുടെ മകള്‍ ടി വി ജീന (28), പാലക്കാട് ചെര്‍പ്പുളശേരി തൃക്കടേരി ‘അരവിന്ദ’ത്തില്‍ അരവിന്ദാക്ഷന്റെ മകന്‍ അഭിലാഷ് (27) എന്നിവരാണ് മരിച്ചതെന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ തിരിച്ചറിഞ്ഞു. പാലക്കാട് മുതുതല ശരത് വിഹാറില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ കെ ശില്‍പ (30), ബംഗളൂരുവിലെ രൂപേന അഗ്രഹാരയില്‍ താമസിക്കുന്ന കോഴിക്കോട് തലക്കുളത്തൂര്‍ പറമ്പത്ത് റഹാത്ത് പിലാക്കിയില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഫാദില്‍ (25) എന്നിവരെ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

വെള്ളിയാഴ്ച രാത്രി പത്തോടെ നൈസ് റോഡില്‍ കുമാരസ്വാമി ലേഔട്ടിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ നാലുപേരും കാറില്‍ മൈസൂരു റോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു. അഭിലാഷാണ് കാറോടിച്ചിരുന്നത്. റോഡില്‍ അറ്റകുറ്റപണി നടക്കുന്ന സ്ഥലത്ത് വെച്ച് ചരക്ക് ലോറി ഇവരുടെ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഇവരുടെ കാറിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചു. മറ്റു രണ്ടു കാറുകളും നാലു ലോറികളുമാണ് അപകടത്തില്‍പ്പെട്ടത്. മറ്റു കാറുകളിലുണ്ടായിരുന്ന ആറുപേര്‍ക്കും പരിക്കേറ്റു. അപകടം നടന്ന സ്ഥലത്തെ റോഡില്‍ ചെറിയ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗതകുറച്ചാണ് പോയിരുന്നതെന്നും എന്നാല്‍, തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്കു ലോറി അമിതവേഗതയില്‍ അശ്രദ്ധമായി മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്നശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ് കോഴ്‌സിന് പഠിക്കുകയായിരുന്നു ജീന. മാതാവ്; ഗിരിജാ കുമാരി. സഹോദരി: ടി വി ഗംഗ. ഇലക്ട്രോണിക് സിറ്റിയില്‍ ഐ ടി കമ്പനിയിലെ ജീവനക്കാരനാണ് അഭിലാഷ്. മാതാവ്: ബാലാമണി. സഹോദരി: അപര്‍ണ. ശില്‍പ മടിവാള അക്കൗണ്ടിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപികയാണ്. മാതാവ്: പുഷ്പലത. സഹോദരങ്ങള്‍: ശരത്, ശിഖ. മഹാദേവപുരയില്‍ ഐ ടി കമ്പനിയിലെ ജീവനക്കാരനാണ് ഫാദില്‍. മാതാവ്: ജസീറ. സഹോദരങ്ങള്‍: ഹഫീസ്, ഹന ഫാത്തിമ. കിംസില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കെ എം സി സി സി പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി.

