

കോഴിക്കോട്: കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തിരുവനന്തപുരത്ത്. ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന്റെ രണ്ടാം ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോയത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കിയെങ്കിലും കേന്ദ്ര ഗവണ്‍മെന്റിന്റെ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനാണ് പോയതെന്നാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരത്ത് തുടങ്ങുന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തലേ ദിവസം തന്നെ മേയര്‍ തലസ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്. വൈകിട്ട് നടന്ന സി പി എം സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്നറിയുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മേയര്‍ തനിക്ക് പിശകുപറ്റിയെന്നും താന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എന്നാല്‍ വിഷയം മറ്റൊരു രീതിയിലേക്ക് വഴി തിരിച്ചുവിട്ട് വിവാദത്തില്‍ നിന്ന് നേട്ടമുണ്ടാക്കുവാനുള്ള ബി ജെ പിയുടെ ശ്രമത്തിന് വളമാകുന്ന രീതിയിലുള്ള ഒരു നടപടിയോ ഇടപെടലോ ഉണ്ടാകില്ലെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

