
ആലുവ: കാലടി, മലയാറ്റൂര്‍, അതിരപ്പിള്ളി, കൊടുങ്ങല്ലൂര്‍, അഴിക്കോട്, മുസിരിസ്, തിരുമൂഴിക്കുളം സാംസ്‌കാരിക തീര്‍ഥാടന പ്രകൃതി ടൂറിസം സര്‍ക്യൂട്ട് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബെന്നി ബഹനാന്‍ എം പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക, ആത്മീയ, പൈതൃക, പ്രകൃതി ടൂറിസം കേന്ദ്രങ്ങളാണിവ. സംയോജിത ടൂറിസം സര്‍ക്യൂട്ട് കേന്ദ്ര സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ടൂറിസം സര്‍ക്യൂട്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തണം. ആദിശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി, വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍, ലോകപ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രം, അഴിക്കോട് ബീച്ച്, ചരിത്രപ്രാധാന്യമുള്ള മുസിരിസ് പൈതൃക മേഖല, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ഒരൊറ്റ ടൂറിസം ശൃംഖലയായി ബന്ധിപ്പിക്കുന്നതാണ് ഈ സര്‍ക്യൂട്ട്.

എറണാകുളം- തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മേഖലക്ക് അന്താരാഷ്ട്രവും ആഭ്യന്തരവുമായ ടൂറിസം വളര്‍ച്ചയ്ക്ക് വലിയ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുഖ്യ പ്രവേശന കവാടമായ സാഹചര്യത്തില്‍. എന്നാല്‍ ദേശീയപാതകള്‍ തമ്മിലുള്ള മികച്ച ഏകോപനം, റെയില്‍ കണക്ടിവിറ്റി, ടൂറിസ്റ്റ് ഷട്ടില്‍ സര്‍വീസുകള്‍, പാര്‍ക്കിംഗ്, ശുചിത്വം, മാലിന്യ സംസ്‌കരണം, വഴികാട്ടി സംവിധാനങ്ങള്‍, പൈതൃക സംരക്ഷണം എന്നിവയില്‍ അടിയന്തര വികസനം അനിവാര്യമാണ്.
ഈ സംയോജിത ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കിയാല്‍ സഞ്ചാരികളുടെ അനുഭവം ഗുണപരമായി മെച്ചപ്പെടുകയും പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുകയും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ ഊര്‍ജം ലഭിക്കുകയും ചെയ്യും. അതിനാല്‍ പ്രസാദ്/ സ്വദേശ് ദര്‍ശന്‍ പദ്ധതികളുടെ ഭാഗമായി ഈ ടൂറിസം സര്‍ക്യൂട്ടിന് കേന്ദ്ര അംഗീകാരം നല്‍കാനും കേന്ദ്ര ധനസഹായം അനുവദിക്കാനും നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രഗതാഗത മന്ത്രാലയം, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, റെയില്‍വേ എന്നിവരുമായി ഏകോപിപ്പിച്ച് പദ്ധതി വേഗത്തില്‍ നടപ്പാക്കാനും കേന്ദ്ര ടൂറിസം മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.

