പ്രാദേശിക സാംസ്‌കാരിക ഘടകങ്ങള്‍ കൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ ബിനാലെയ്ക്ക് കഴിയണം: മുഖ്യമന്ത്രി

Web Desk
2 Min Read

കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കൂവെന്നും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കൊച്ചി- മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

city exchange

ബിനാലെ പോലുള്ള മേളകള്‍ക്ക് ചരിത്രം ദൗത്യം നിര്‍വഹിക്കാനുണ്ട്. നിരവധി ഉപസംസ്‌ക്കാരങ്ങളും പ്രാദേശിക സംസ്‌ക്കാരങ്ങളും ഉള്‍പ്പെട്ടതാണ് നമ്മുടെ നാടിന്റെ സംസ്‌ക്കാരം. അത്തരം സംസ്‌കാരമെന്നത് പൊതുമണ്ഡലത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തില്‍ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം എന്നത്. ഇത്തരം പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിയണം.

സാംസ്‌കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ടു സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്ക് അഭിമാനകരമായി വളര്‍ന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെയാണ് ഇത്തവണ മേളയ്ക്കു ധനസഹായമായി ഏഴു കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിക്കു നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ ധനസഹായമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -
Ad image

പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനം. വൈവിധ്യങ്ങളെ തച്ചുടച്ച് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി, എം എല്‍ എമാരായ കെ ജെ മാക്‌സി, ടി ജെ വിനോദ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലുനോ, മുന്‍ മന്ത്രി കെ വി തോമസ്, കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ എന്‍ രവി,  കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

‘നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ 14 വേദികളിലായി 2023 ഏപ്രില്‍ 10 വരെ കൊച്ചി- മുസിരിസ് ബിനാലെ നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്കു പുറമെ ടി കെ എം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിടങ്ങളിലുമാണ് പശ്ചിമകൊച്ചിയില്‍ പ്രദര്‍ശനം. എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ മികച്ച 34 കലാകാരന്‍മാരുടെ  നൂറ്റമ്പതോളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!