

കൊച്ചി: ക്രൈസ്തവര്‍ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കണമെന്ന് തലശ്ശേരി ആര്‍ച്ചുബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയും ക്രൈസ്തവര്‍ ഒറ്റക്കെട്ടായിനിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തങ്ങളിലേക്കാകര്‍ഷിക്കുകയാണ് വേണ്ടതെന്ന് മറുഭാഗത്തുനിന്ന് പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റേയും പ്രസ്താവന അക്ഷരാര്‍ഥത്തില്‍ സമുദായത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിറ്റ് വ്യക്തിപരമായ നേട്ടങ്ങള്‍ കൊയ്യാനുള്ള ഗൂഢതന്ത്രങ്ങളാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതിയോഗം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സമുദായത്തെ സംഘപരിവാര്‍ പാളയത്തിലെത്തിക്കുന്നതിന് ഈ രണ്ടു മെത്രാന്മാരും കുറെക്കാലമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുനമ്പം വിഷയം പോലും മതസ്പര്‍ദ്ധ ഉണ്ടാക്കുംവിധം മുസ്ലിം സമുദായത്തിനെതിരായ വിഷയമാക്കി ഉയര്‍ത്തിക്കാട്ടിയതും ഈ രണ്ട് മെത്രാന്മാര്‍ തന്നെയാണെന്നും അതിലെ ഗൂഢലക്ഷ്യം സമുദായാംഗങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയെന്നും ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

മുനമ്പം വിഷയത്തെ മുന്‍നിറുത്തി വഖഫ് ആക്ട് ഭേദഗതി നടത്തണമെന്നാവശ്യപ്പെട്ട ക്രൈസ്തവ മെത്രാന്മാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന ക്രൈസ്തവ സമുദായാംഗങ്ങളുടെതന്നെ ആവശ്യത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ചര്‍ച്ച് ആക്ട് വിഷയത്തില്‍ കേരള മെത്രാന്‍സമിതി നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി യോഗത്തില്‍ മുഖ്യ ഉപദേശകന്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍, ജനറല്‍ സെക്രട്ടറി ജോസഫ് പനമൂടന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോണ്‍ പുളിന്താനം, ലോനന്‍ ജോയ്, വി ജെ പൈലി, ലോനപ്പന്‍ കോനുപറമ്പന്‍, സ്റ്റാന്‍ലി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

