ജംഷഡ്പൂരിനെയും വീഴ്ത്തി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

Web Desk
2 Min Read

ജംഷഡ്പൂര്‍: ജംഷഡ്പൂര്‍ എഫ് സിയെ ഒരു ഗോളിന് കീഴടക്കി ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. എട്ട് കളിയില്‍ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതെത്തി. സീസണിലെ തുടര്‍ച്ചയായ നാലാം ജയം നേടിയ ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാണുള്ളത്. കളിയുടെ 17-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. മാര്‍ക്കോ ലെസ്‌കോവിച്ചാണ് കളിയിലെ താരം.

city exchange

ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ജംഷഡ്പൂരിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്‌നി, ജീക്‌സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെ പി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍. ജംഷഡ്പുര്‍ പ്രതിരോധത്തില്‍ റെന്ത്ലെയ്, എലി സാബിയ, പീറ്റര്‍ ഹാര്‍ട്ലി, റിക്കി എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ ഫിജംസിങ്, ജായ് തോമസ്, ബോറിസ് സിങ് എന്നിവര്‍. ഫാറൂഖ് ചൗധരി, റിത്വിക് ദാസ്, ഡാനിയേല്‍ ചുക്വു എന്നിവരായിരുന്നു മുന്നേറ്റത്തില്‍.

തകര്‍പ്പന്‍ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന് ജംഷഡ്പുരിനെതിരെ. പതിനേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. അഡ്രിയാന്‍ ലൂണയുടെ മനോഹരമായ കിക്ക് ബോക്സിലേക്ക്. ജംഷഡ്പുര്‍ പ്രതിരോധത്തെ വെട്ടിച്ച് ഡയമന്റാകോസ് അതില്‍ കാലുവച്ചു. പിന്നാലെ ലൂണയുടെ മറ്റൊരു മുന്നേറ്റം. മധ്യനിരയില്‍നിന്നുള്ള ഓട്ടത്തിനൊടുവില്‍ ലൂണ സഹലിന് പന്തുനല്‍കി. സഹലിന്റെ തകര്‍പ്പന്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ് കൈയിലൊതുക്കി. 37-ാം മിനിറ്റില്‍ റിത്വിക് ദാസിന്റെ കരുത്തുറ്റ ഷോട്ട് പ്രഭ്സുഖന്‍ സിങ് ഗില്‍ കുത്തിയകറ്റി. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണം. ഇക്കുറി സന്ദീപ് സിങ്ങിന്റെ ഷോട്ട് രഹ്നേഷ് തട്ടിയകറ്റി. പന്ത് ഡയമന്റാകോസിന്റെ കാലില്‍കിട്ടുംമുമ്പ് പ്രതിരോധം ഇടപെട്ടു. ആദ്യപകുതി ഒരു ഗോള്‍ ലീഡില്‍ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു.

- Advertisement -
Ad image

ഇടവേളയ്ക്കുശേഷം എല്‍സാബിയ ബ്ലാസ്റ്റേഴ്സ് മറ്റൊരു മനോഹര നീക്കത്തിന് തടയിട്ടു. പിന്നാലെ ഇവാന്‍ കലിയുഷ്നിയുടെ നീക്കവും ജംഷഡ്പുര്‍ പ്രതിരോധത്തെ വിറപ്പിച്ചു. മറുവശത്ത് മാറ്റങ്ങള്‍ വരുത്തി ജംഷഡ്പൂര്‍ കളി പിടിക്കാന്‍ ശ്രമിച്ചു. 64-ാം മിനിറ്റില്‍ ലൂണയ്ക്ക് കിട്ടി ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ജംഷഡ്പുരിന്റെ മുന്നേറ്റക്കാരന്‍ ചുക്ക്വുവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. കളിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ സമനിലയ്ക്കായി ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിടിച്ചുനിന്നു.

76-ാം മിനിറ്റില്‍ ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാന്നുവും നിഷുകുമാറിന് പകരം ജെസെല്‍ കര്‍ണെയ്റോയും കളത്തിലെത്തി. 85-ാം മിനിറ്റില്‍ സഹലിന് പകരം സൗരവ് മണ്ഡലുമെത്തി. ലൂണയ്ക്ക് പകരം വിക്ടര്‍ മോന്‍ഗിലിനെയും ഇറക്കി പ്രതിരോധം വുകോമനോവിച്ച് ശക്തിപ്പെടുത്തി. ജംഷഡ്പൂരിന് പ്രതിരോധം ഭേദിക്കാനായില്ല. അഞ്ചാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഈ മാസം 11ന് ബെംഗളൂരു എഫ് സിയാണ് അടുത്ത എതിരാളികള്‍. കൊച്ചിയിലാണ് കളി.

Share This Article
Leave a Comment
error: Content is protected !!