

ദോഹ: അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുമ്പിലൂടെ ഖത്തര്‍ പറന്നിറങ്ങിയത് അറബ് കപ്പിന്റെ സെമി ഫൈനലിലേക്ക്. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഖത്തര്‍ യു എ ഇയെ പരാജയപ്പെടുത്തിയത്.

അറുപതിനായിരത്തോളം കാണികള്‍ നിറഞ്ഞ സ്‌റ്റേഡിയത്തില്‍ ആരവമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അടുത്ത വര്‍ഷം ഫിഫ ലോകകപ്പ് അരങ്ങേറാനിരിക്കുന്ന വേദിയിലെ മത്സരം അക്ഷരാര്‍ഥത്തില്‍ അറബ് ലോക കാണികളുടെ ട്രല്‍സായി. ഡിസംബര്‍ 15ന് നടക്കുന്ന സെമി ഫൈനലില്‍ അന്നാബികളുടെ എതിരാളികള്‍ മൊറോക്കോയോ അല്‍ജീരിയയോ ആയിരിക്കും.
ആറാം മിനുട്ടില്‍ അലി സല്‍മീന്‍ തുടക്കമിട്ട ഗോള്‍വേട്ടയിലേക്ക് 28-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ അല്‍മോസ് അലിയാണ് രണ്ടാം പേര് ചേര്‍ത്തുവെച്ചത്. 36-ാം മിനുട്ടില്‍ ബൗലെം ഖൗഖിയും 44-ാം മിനുട്ടില്‍ അബ്ദുല്‍ ഹാതിമും നേടിയ ഗോളുകള്‍ ഖത്തറിന്റെ ലീഡ് ഉയര്‍ത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ അല്‍മോസ് തന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ പട്ടിക പൂര്‍ത്തിയായി.

തങ്ങള്‍ക്കിത് ആഘോഷമാണെന്നും മികച്ച ഫലമാണ് തങ്ങള്‍ക്കുണ്ടാക്കാനായതെന്നും ഖത്തര്‍ ഹെഡ് കോച്ച് ഫെലിക്‌സ് സാന്‍ഷെസ് പറഞ്ഞു. ഓരോ മത്സരം കഴിയുമ്പോഴും ടീമിന്റെ പ്രകടനം മികവുറ്റതാവുന്നുണ്ടെന്നും സെമി ഫൈനലിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

