
ദോഹ: അഫ്ഗാനിസ്ഥാനില്‍ നിന്നും പറന്നുയര്‍ന്ന യു എസ് വ്യോമസേന സി- 17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ടയറില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് യു എസ് അന്വേഷണം പ്രഖ്യാപിച്ചു.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ പറന്നിറങ്ങിയ വിമാനത്തിന്റെ വീല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാബുള്‍ വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തില്‍ തൂങ്ങിയും ടയറിനിടയില്‍ ഇരുന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മരിച്ചതെന്നാണ് കരുതുന്നത്. വിമാനത്തില്‍ തൂങ്ങിക്കയറുകയും ടയറിനിടയില്‍ ഇരിക്കുകയും ചെയ്ത ഏഴുപേര്‍ വീണു മരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എത്ര പേര്‍ മരിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


താലിബാന്‍ കാബൂള്‍ പിടിച്ചതോടെ രാജ്യത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് വിമാനത്തില്‍ നിന്നും വീണത്. യു എസ് വ്യോമസേനയുടെ ചരക്കു വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനെത്തിയതാണെന്നും ജനത്തിരക്ക് വര്‍ധിച്ചതോടെ ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നുമാണ് യു എസ് അധികൃതര്‍ വിശദീകരിക്കുന്നത്.


അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടാന്‍ നിരവധി പേര്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയതോടെ യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. വിമാനം മുന്നോട്ടെടുക്കുന്നതും ജനങ്ങള്‍ ചിതറിയോടുന്നതും വിമാനത്തില്‍ തൂങ്ങി നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഞായറാഴ്ച കാബൂളില്‍ നിന്നും ഖത്തറിലേക്ക് പറന്ന േേബായിങ് സി 17 ഗ്ലോബ്മാസ്റ്റര്‍ ചരക്കു വിമാനത്തില്‍ 640 അഫ്ഗാനികളാണ് കയറിപ്പറ്റിയത്. പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തിയും കയ്യിലൊതുങ്ങുന്ന ലഗേജുമായാണ് ചരക്കു വിമാനത്തില്‍ ഇത്രയും പേര്‍ യാത്ര ചെയ്തത്. 134 സീറ്റുള്ള വിമാനത്തില്‍ 640 പേര്‍ യാത്ര ചെയ്തത് വ്യോമയാന ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായാണ് വിലയിരുത്തുന്നത്.

