

ആലുവ: ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി’ എന്ന പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നിര്‍ണ്ണയ ക്യാമ്പ് തിങ്കളാഴ്ച പെരുമ്പാവൂര്‍ ഇ എം എസ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് മാനുഫാക്ച്ചറിങ് കോര്‍പ്പറേഷന്‍ സൗജന്യമായാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പും നാഷണല്‍ കരിയര്‍ സെന്റര്‍ ഫോര്‍ ഡിഫെറെന്‍ഷ്യലി ഏബിള്‍ഡ്, തിരുവനന്തപുരം എന്ന ഏജന്‍സിയും സംയുക്തമായാണ് ക്യാമ്പ് ഏകോപിപ്പിക്കുന്നത്.

ക്യാമ്പ് വഴി ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങള്‍ താഴെപ്പറയുന്നവയാണ്. ശ്രവണ സഹായി (ബാറ്ററി), സ്മാര്‍ട്ട് ഫോണ്‍ (100 ശതമാനം അന്ധതയുള്ള 15 വയസ്സിന് മുകളിലുള്ളവര്‍ക്ക്), സ്മാര്‍ട്ട് കെയിന്‍, ബ്രെയ്‌ലി കെയിന്‍ ഫോള്‍ഡര്‍, ബ്രയിലി സ്ലേറ്റ്, ബ്രെയ്‌ലി കിറ്റ്, സെറിബ്രല്‍ പാള്‍സി വീല്‍ ചെയര്‍, എം എസ് ഐ ഡി കിറ്റ് (ബൗദ്ധിക ഭിന്നശേഷിയുള്ളവര്‍ക്ക്), വീല്‍ ചെയര്‍, ആര്‍ട്ടിഫിഷ്യല്‍ ലിംഫ്, വാക്കിങ് സ്റ്റിക്ക്, ആക്‌സിലറി ക്രച്ചസ്.
മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ 40 ശതമാനമോ അതിലധികമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍കാര്‍ഡ് (മാസ വരുമാനം 22500ല്‍ താഴെ), ആധാര്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തി ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പെരുമ്പാവൂര്‍, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളില്‍ പെട്ടവര്‍ക്ക് രാവിലെ ഒന്‍പതര മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

