

ദോഹ: കൊടും ചൂടിന്റെ പശ്ചാതലത്തില്‍ ഭക്ഷ്യ വിതരണ ശൃംഖലകള്‍ മോട്ടോര്‍ സൈക്കില്‍ നിന്നും കാറിലേക്ക് ചുവടുമാറുന്നു. നിയമപ്രകാരം രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നര മണി വരെയുള്ള സമയത്ത് ഭക്ഷ്യ വിതരണക്കാര്‍ കാറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ജൂലായ് ഒന്നിന് നിലവില്‍ വന്ന നിയമം സെപ്തംബര്‍ 15 വരെ തുടരും.

പുതിയ തീരുമാനത്തെ ഖത്തറിലെ നിരവധി ഭക്ഷ്യ വിതരണ കമ്പനികള്‍ സ്വാഗതം ചെയ്തു. 2021ലെ 17-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനപ്രകാരം ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ 10 മുതല്‍ മൂന്നര വരെ പുറത്തു ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലെടുക്കാന്‍ അനുമതിയില്ല. മാത്രമല്ല ജോലിക്കാര്‍ക്ക് വ്യക്തിഗത സുരക്ഷാ സൗകര്യങ്ങള്‍, വാര്‍ഷിക ആരോഗ്യ പരിശോധന തുടങ്ങിയവ നടത്തിയിരിക്കണം.
